collapses
തകർച്ചയിലായ ആലംതുരുത്തി - പനച്ചമൂട് -പാരത്തോട് റോഡ്

തിരുവല്ല: തകർച്ചയിലായ ആലംതുരുത്തി - പനച്ചമൂട് -പാരത്തോട് റോഡിലെ വാരിക്കുഴികൾ യാത്രക്കാർക്ക് അപകടക്കെണിയായി. വർഷങ്ങൾക്ക് മുമ്പ് ടാറിംഗ് ചെയ്ത ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ പലഭാഗത്തും കുണ്ടും കുഴിയുമാണ്. കനത്തമഴയിൽ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടന്നു റോഡ് കുളമായി.നിരണം,കടപ്ര,ചക്കുളത്തുകാവ്,തലവടി,ഹരിപ്പാട്,എടത്വ,ആലപ്പുഴ എന്നിവിടങ്ങളിലേക്ക് പ്രദേശവാസികൾക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന വഴിയാണിത്.അതുകൊണ്ടു തന്നെ രാപകൽ വ്യത്യാസമില്ലാതെ ഇതുവഴി കടന്നുപോകുന്നത് നൂറുകണക്കിന് വാഹനങ്ങളാണ്. കഴിഞ്ഞവർഷത്തെ പ്രളയത്തിൽ മുങ്ങിപ്പോയി റോഡിന്റെ പലഭാഗങ്ങളും തകർച്ചയിലാണ്. അറ്റകുറ്റപ്പണികൽ നടത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. പത്തനംതിട്ട- ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡിന് ആലംതുരുത്തി മുതൽ പാരത്തോട് വരെ 8 കിലോമീറ്റർ ദൂരമുണ്ട്. ഇരു ജില്ലകളുടെയും അതിർത്തി പ്രദേശമായതിനാൽ അധികൃതരുടെ അവഗണനയും ഏറെയാണ്. റോഡിന്റെ വശങ്ങളും കാടുകയറിയിട്ടുണ്ട്. മുമ്പ് നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നു. എന്നാലിപ്പോൾ റോഡിന്റെ തകർച്ച കാരണം ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. രണ്ടു ജില്ലകളിലൂടെ റോഡ് കടന്നുപോകുന്നതിനാൽ മുഴുവൻ ഭാഗവും അറ്റകുറ്റപ്പണികൾ നടത്തണമെങ്കിൽ വലിയ തുക ചെലവഴിക്കണം. ഇതിനായി ഫണ്ട് അനുവദിക്കാത്തതിനാൽ ജനങ്ങൾ വർഷങ്ങളായി ദുരിതത്തിലാണ്.

വെള്ളക്കെട്ടും കുഴികളും നിറഞ്ഞ ആലംതുരുത്തി -പാരത്തോട് റോഡിലൂടെയുള്ള യാത്ര അപകടഭീതിയിലാണ്. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.
ഷിബുകുമാർ പന്തപ്പാട്
(മണ്ഡലം സെക്രട്ടറി, ബി.ഡി.ജെ.എസ്)

ആലംതുരുത്തി - ചാല ചക്കുളം - പനച്ചിമൂട് -തോക്കനടി റോഡിന്റെ തകർച്ച വൈകാതെ പരിഹരിക്കും. റോഡിന്റെ അഞ്ചര കിലോമീറ്റർ ദൂരത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഉടനെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങും.

സുഭാഷ്, അസി.എക്സി.എൻജിനിയർ,

(പൊതുമരാമത്ത് വകുപ്പ്)