facebook

തിരുവല്ല: ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. തിരുവനന്തപുരം പൂവച്ചൽ വീരണകാവ് വില്ലേജിൽ കുന്നാരി കരിക്കകത്ത് വിഷ്ണു റ്റി. രാജ് (25) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇയാളെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തിരുവല്ല ചുമത്ര സ്വദേശിനിയായ യുവതിയെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ മാസം 22ന് കോട്ടയം റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിലായിരുന്നു സംഭവം. പീഡന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതിനെ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസിന്റെ നിർദ്ദേശാനുസരണം പെൺകുട്ടി യുവാവിനെ തിരുവല്ല റെയിൽവേ സ്റ്റേഷനിലേക്ക് ഇന്നലെ ഉച്ചയോടെ വിളിച്ചു വരുത്തി. ഇവിടെയുണ്ടായിരുന്ന പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പൊതുമേഖലാ ബാങ്കിലെ ജീവനക്കാരനാണ് വിഷ്ണു ടി. രാജ്. സമാനരീതിയിൽ മറ്റു പെൺകുട്ടികൾ ഇയാളുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേസ് അന്വേഷിക്കുന്ന സി.ഐ ബൈജുകുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.