കൊടുമൺ: ഒറ്റത്തേക്ക് ചന്തയിൽ മാലിന്യ പ്ളാന്റ് തുടങ്ങാൻ തീരുമാനമായി. ചന്തയിൽ തുടങ്ങുന്ന പ്ളാന്റിൽ മാലിന്യം പെരുകുന്നതോടെ കാട്ടുപന്നികളും പെരുകുമെന്നുറപ്പ്. ജനവാസകേന്ദ്രമായ ഒറ്റത്തേക്ക് ജംഗ്ഷനിലാണ് ചന്ത. പഞ്ചായത്തിൽ നിന്ന് സംഭരിക്കുന്ന മാലിന്യമെല്ലാം ഇവിടെ എത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചെടുത്ത തീരുമാനമാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് ഒറ്റത്തേക്കുകാർ. ഭീമ ഹർജിയുമായി പഞ്ചായത്ത് അധികൃതരെയും ജില്ലാകളക്ടറെയും കാണാനാരുങ്ങുകയാണ് നാട്ടുകാർ. പ്രതിഷേധ പരിപാടികൾക്കായി പൗരാവലിയും രൂപീകരിച്ചു.
മാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിച്ച് കാട്ടുപന്നികളെ നാട്ടിലേക്ക് വിളിച്ചുവരുത്താനുളള തീരുമാനം ഉപേക്ഷിക്കാതെ പൗരാവലി പ്രക്ഷോഭത്തിൽ നിന്ന് പിൻമാറില്ല. ജനവാസമില്ലാത്ത സ്ഥലത്തേക്ക് പ്ളാന്റ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാരിൽ നിന്ന് പ്രതിഷേധം ഉയർന്നപ്പോൾ മാലിന്യ സംസ്കരണ പ്ളാന്റല്ല, പ്ളാസ്റ്റിക് സംസ്കരണ യൂണിറ്റാണ് സ്ഥാപിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നുണ്ട്. എത് പ്ളാന്റായാലും അത് ഒറ്റത്തേക്കിൽ വേണ്ടെന്ന ഒറ്റക്കെട്ടായ നിലപാടിലാണ് നാട്ടുകാർ.
------------------
ഉദാഹരണം കുഞ്ഞുമോൻ (പടം)
ഒറ്റത്തേക്ക് വിജ്ഞാനപ്രദായനി വായനശാലയുടെ കാത്തിരിപ്പ് കേന്ദ്രത്തിൽ പകൽ നേരങ്ങളിൽ പരുത്തനാൽ വീട്ടിൽ കുഞ്ഞുമോനുണ്ടാകും. കാലിൽമുട്ടിന് താഴെ വലിയ തുണിക്കെട്ടുമായി ഇരിക്കുന്ന എഴുപത്തേഴുകാരൻ. കാട്ടുപന്നിയുടെ ആക്രമണത്തിന്റെ ഇരയാണ് കുഞ്ഞുമോൻ. കഴിഞ്ഞ ദീപാവലി നാളിലാണ് കാട്ടുപന്നി കുത്തിയത്. സമീപത്തെ കൊടുമൺ പ്ളാന്റേഷനിൽ നിന്നായിരുന്നു പന്നികളുടെ വരവ്. ഒറ്റയ്ക്ക് കഴിയുന്ന അവിവാഹിതനായ കുഞ്ഞുമോന് സംഭവത്തിന് ശേഷം നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചെറിയ ജോലികൾ ചെയ്താണ് ആഹാരത്തിനുളള പണം കണ്ടെത്തിയിരുന്നത്. ഇപ്പോൾ അതിന് കഴിയുന്നില്ല. സമീപത്തുളളവരാണ് ഭക്ഷണം നൽകുന്നത്. പന്നിശല്യത്തിന് ഇരയായവർ ഇത്തരത്തിൽ നിരവധിപേരുണ്ട് നാട്ടിൽ.
----------------
അവഗണനയിൽ നശിച്ച ചന്ത (പടം)
ചെറിയ സ്ഥലമാണെങ്കിലും കൊടുമൺ ഗ്രാമ പഞ്ചായത്തിന് വലിയ വരുമാനം നൽകുന്നുണ്ട് ഒറ്റത്തേക്ക്. 1979ലാണ് ഇവിടെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിച്ചത്. മോഹനസദനത്തിൽ വി.എസ്.രാമകൃഷ്ണൻ വൈദ്യൻ പഞ്ചായത്തംഗം ആയിരിക്കുമ്പോഴാണ് ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.എസ്.കോശി എല്ലാ സഹായവും നൽകി. കടകളുടെ വാടക പഞ്ചായത്തിന് വരുമാന മാർഗമാണ്. ഷോപ്പിംഗ് കാേംപ്ളക്സ് നിർമ്മിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പേ ആരംഭിച്ചതാണ് ഒറ്റത്തേക്ക് ചന്ത. ബുധനും ശനിയുമായി ചന്തയിൽ കാർഷികോൽപ്പന്നങ്ങൾ വിൽക്കാനും വാങ്ങാനുമായി വലിയ ജനത്തിരക്കായിരുന്നുവെന്ന് സി.വി.ചന്ദ്രൻ ഒാർക്കുന്നു. കൂടൽ, ചന്ദനപ്പളളി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെത്തുമായിരുന്നു. സമീപത്ത് കൊടുമണ്ണിൽ ചന്തയുണ്ടെങ്കിലും ഒറ്റത്തേക്ക് ചന്ത ജനനിബിഡമായിരുന്നു. ചന്ത ഇന്ന് അനാഥമാണ്. കാടുകയറി കാട്ടുപന്നികളുടെ താവളമായി. ആഴ്ചയിൽ ഒരു ദിവസം ഒരാൾ മത്സ്യക്കച്ചവടത്തിന് ചന്തയിൽ വരും. പഞ്ചായത്തിന്റെ അവഗണന കൊണ്ട് മാത്രമാണ് ഒറ്റത്തേക്ക് ചന്ത ഇല്ലാതായതെന്ന് പ്രദേശവാസിയും രാമകൃഷ്ണൻ വൈദ്യരുടെ മകനുമായ മോഹനൻ പറഞ്ഞു.
-------------------------
കഷ്ടമാണ് പഞ്ചായത്തേ...
കൊടുമൺ പഞ്ചായത്ത് ആറ് മാസം മുമ്പ് ഹരിതകർമ്മ സേന മുഖേന വീടുകളിൽ നിന്ന് സംഭരിച്ച മാലിന്യം ഒറ്റത്തേക്ക് ചന്തയിൽ തളളിയത് ഇവിടെ ചീഞ്ഞളിഞ്ഞ് കിടപ്പുണ്ട് കാടുകയറിയ ചന്ത കഴിഞ്ഞ ദിവസം പ്രദേശവാസികൾ സ്വന്തം ചെലവിൽ ശുചീകരിച്ച് തുടങ്ങിയപ്പോഴാണ് മാലിന്യം നിറച്ച ചാക്കുകൾ കണ്ടെത്തിയത്. കാട്ടുപന്നികൾ ഇത് പുറത്തേക്ക് വലിച്ചിട്ടിട്ടുണ്ട്.
കൊടുമൺ പഞ്ചായത്ത് അഞ്ച്, ഏഴ് വാർഡുകളിലേക്ക് വെളളം വിതരണം ചെയ്യുന്നത് ഒറ്റത്തേക്ക് ചന്തയിൽ നിർമ്മിച്ച ജലനിധി ടാങ്കിൽ നിന്നാണ്. ചന്തയിൽത്തന്നെ നിർമ്മിച്ച കിണറ്റിൽ നിന്ന് പമ്പ് ചെയ്താണ് വെളളം ടാങ്കിലെത്തിച്ചിരുന്നത്. പമ്പിൽ മോട്ടോർ തകരായതിനാൽ ജലവിതരണം മുടങ്ങി. കിണറിന്റെ ആൾമറയുടെ ഭിത്തികളിലെ പാറ അടർന്നുമാറി. റോഡിൽ നിന്ന് ഒഴുകുന്ന വെളളം ഇൗ ഭാഗത്തുകൂടി കിണിറ്റിലേക്ക് ഒഴുകുന്നതിനാൽ മലിനമായിട്ടുണ്ട്. പ്രദേശവാസികളായ പ്രസാദ്, പ്രസന്നൻ, സജി, രാജേഷ് എന്നിവർ ചേർന്നാണ് കിണറിന്റെ കാടുമൂടിയ പരിസരം വൃത്തിയാക്കിയത്.
വെളളമില്ലാത്തത് കാരണം ഒറ്റത്തേക്ക് ചന്തയിലെ പൊതുടോയ്ലറ്റുകൾ പ്രവർത്തിക്കുന്നില്ല. മൂന്ന് ബ്ളോക്കുകളിലായി ആറ് ടോയ്ലറ്റുകൾ ഉളളതിൽ ഒന്നിൽപോലും വെളളം എത്തുന്നില്ല.
>>
--------------
നാട്ടുകാർക്ക് പറയാനുണ്ട്
ഒറ്റത്തേക്ക് ചന്തയെ പഴയ ചന്തയാക്കാൻ പറ്റില്ലെങ്കിൽ നാടിന് പ്രയോജനമാകുന്ന ചില നിർദ്ദേശങ്ങൾ നാട്ടുകാർ മന്നോട്ടുവയ്ക്കുന്നുണ്ട്. ജനസേവനകേന്ദ്രം : വൈദ്യുതി, ടെലിഫോൺ ബില്ലുകൾ അടയ്ക്കാൻ ചന്ദനപ്പളളി, കൊടുമൺ എന്നിവിടങ്ങളിലേക്കാണ് നാട്ടുകാർ പോകുന്നത്. ഇവിടേക്ക് അഞ്ച് കിലോമീറ്ററിൽ കൂടുതൽ ദൂരമുണ്ട്. ബില്ലുകൾ അടയ്ക്കാനും മറ്റും സഹായിക്കുന്നതരത്തിൽ ഇൗ സ്ഥലത്ത് കെട്ടിടം പണിത് ജനസേവേന കേന്ദ്രം തുടങ്ങണം
ആശുപത്രി: ഹോമിയോപ്പതി ആശുപത്രികൾ വാടകക്കെട്ടിടത്തിലാണ്. ഒറ്റത്തേക്കിൽ കെട്ടിടം നിർമ്മിച്ച്
ഇവ ഇവിടേക്ക് മാറ്റാം
>>
പ്ളാന്റ് നല്ലതെന്ന് പഞ്ചായത്ത് പ്രസിഡന്റ്
ഒറ്റത്തേക്ക് ചന്തയിൽ പ്ളാസ്റ്റിക് സംഭരിച്ച് സംസ്കരിക്കുന്ന യൂണിറ്റാണ് സ്ഥാപിക്കുന്നതെന്ന് കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മ കുഞ്ഞ് പറഞ്ഞു. പദ്ധതിയോടുളള എതിർപ്പിൽ കാര്യമില്ല. ജില്ലയിലെ ഏക പ്ളാസ്റ്റിക് സംസ്കരണ യൂണിറ്റ് കൊടുമണ്ണിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്. 9.5 ലക്ഷം രൂപ വിലയുളള യൂണിറ്റാണ്. അത് പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്തേക്കു മാറ്റുകയാണ്. ഹരിതകർമ്മ സേന വീടുകളിൽ നിന്ന് സംഭരിക്കുന്ന പ്ളാസ്റ്റിക്ക് സംസ്കരിച്ച് പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിനും ബാക്കി ക്ളീൻ കേരളയ്ക്കും നൽകും.
ചന്തയിലെ കിണർ അറ്റകുറ്റപ്പണി നടത്തേണ്ടത് വാർഡംഗത്തിന് അനുവദിക്കുന്ന തനത് ഫണ്ടിൽ നിന്നാണ്. ശുചീകരണത്തിന് തൊഴിലുറപ്പുകാരെ ഇനി കിട്ടില്ല. പ്രദേശവാസികൾ സഹകരിച്ചിറങ്ങണം.