തിരുവല്ല: പ്രളയാനന്തര നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പെരിങ്ങര, കുറ്റൂർ പഞ്ചായത്തുകളിൽ 21.5 ലക്ഷം രൂപയുടെ പദ്ധതികൾ പൂർത്തിയാക്കി.ഒഡീഷയിലെ മാദ്ധ്യമ സ്ഥാപനമായ ദി സമാജ് റിലീഫ് കമ്മിറ്റി, ദി സെന്റർ ഫോർ കമ്മ്യുണിക്കേഷൻ ഡെവലപ്മെന്റ് ആൻഡ് സ്റ്റഡീസ്, ഇൻസ്റ്റിട്യൂട്ട് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ആൻഡ് ഗവേണൻസ് (ഐ.എസ്.ഡി.ജി) ബോധിഗ്രാം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പാക്കിയത്. കുറ്റൂർ പഞ്ചായത്തിൽ 9 ലക്ഷം രൂപ ചെലവഴിച്ചു പാണ്ടിശേരി അംഗൻവാടിയും വനിതാ വികസന കേന്ദ്രവും നിർമ്മിച്ചു. പെരിങ്ങര കാരയ്ക്കലിൽ സീനിയർ സിറ്റിസൺസ് ലൈബ്രറി നാലര ലക്ഷം രൂപ മുടക്കി നവീകരണം നടത്തി. നിരണം പഞ്ചായത്തിൽ നാല് ലക്ഷം രൂപ ചെലവഴിച്ചു പുതിയതായി വനിതാ സംരംഭകരുടെ പരിശീലന കേന്ദ്രവും നിർമ്മിച്ചു നൽകി. കൂടാതെ നാലുലക്ഷം രൂപ ചെലവഴിച്ചു കോഴി,പശു വളർത്തൽ,തയ്യൽ തുടങ്ങി വിവിധ ഉപജീവന പദ്ധതികളും നടപ്പാക്കുന്നു. നവീകരണ പദ്ധതികളുടെ ഉദ്ഘാടനം സമാജ് ബോർഡ് ചെയർമാൻ ദീപക് മാളവ്യ നിർവഹിച്ചു. മാത്യു ടി.തോമസ് എം.എൽ.എ,മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ലതാ പ്രസാദ്, ശ്രീലേഖ രഘുനാഥ്‌, മിനിമോൾ ജോസ്, ഒഡീഷാ മുൻ ഇൻഫർമേഷൻ കമ്മീഷണർ ജഗദാനന്ദ, ബോധിഗ്രാം പ്രസിഡന്റ് ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.