പത്തനംതിട്ട: ജില്ലയിലെ ഹയർസെക്കൻഡറി കുട്ടികളെ ഒന്നാമതെത്തിക്കാൻ രംഗത്തിറങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. എസ്.എസ്.എൽ.സി പരീക്ഷയിൽ കേരളത്തിൽ ഏറ്റവും മുമ്പിലെത്തുന്ന പത്തനംതിട്ട ജില്ല ഹയർസെക്കൻഡറി പരീക്ഷയിൽ പിന്നിലാകുന്ന സ്ഥിതി ഒഴിവാക്കുകയാണ് ലക്ഷ്യം. സഫലം, കൈത്താങ്ങ് തുടങ്ങിയ പദ്ധതികളാണ് ഇതിനായി നടപ്പാക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷമായി എസ്. എസ്.എൽ .സി പരീക്ഷയിൽ ഒന്നാം സ്ഥാനത്താണ് ജില്ല .

എന്നാൽ ഇക്കാലത്തെല്ലാം ഹയർസെക്കൻഡറി പരീക്ഷയിൽ പിന്നിലുമായിരുന്നു.

2018- 19 വർഷത്തെ ഹയർ സെക്കൻഡറി ഫലം വിശകലനംചെയ്ത് ഏതൊക്കെ വിദ്യാലയങ്ങൾ പിന്നിലാണെന്നും ഇതിന്റെ കാരണങ്ങൾ എന്തൊക്കെയെന്നും കണ്ടെത്തിയാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ജില്ലയിലെ മലയോര മേഖലകളിലെ വിദ്യാലയങ്ങളിൽ ആവശ്യത്തിന് സ്ഥിര അദ്ധ്യാപകരില്ല. മതിയായ ലാബ് , ലൈബ്രറി സൗകര്യങ്ങളുടെ അഭാവം, കുട്ടികളുടെ താൽപര്യക്കുറവ് , വളരെ അകലെനിന്ന് ദിവസവും വന്നുപോകുന്നഅദ്ധ്യാപകർ , രക്ഷിതാക്കളുടെ മനോഭാവം ഇവയൊക്കെ പരീക്ഷാഫലത്തെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ

-------------

2 പദ്ധതികൾ

സഫലം

>കുട്ടികളില്ലാത്ത വിദ്യാലയങ്ങളിൽ അടുത്ത കൊല്ലം കൂടുതൽ കുട്ടികളെ എത്തിക്കുക.

>കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ നടപ്പാക്കുക.

>വിദ്യാലയങ്ങളിലെ അക്കാദമിക് മികവ് ഉറപ്പുവരുത്തുക

>ലക്ഷ്യങ്ങൾ നേടാൻ അദ്ധ്യാപകരടക്കമുള്ളവരെ സജ്ജരാക്കുക

>പദ്ധതിയുടെ ചുമതല വിദ്യാലയങ്ങൾക്കാണ്.

കൈത്താങ്ങ്

>പരീക്ഷാഫലം മെച്ചപ്പെടുത്താൻ അടിയന്തരമായി ഇടപെടൽ നടത്തേണ്ട മേഖലകൾ കണ്ടെത്തുക

>പരിഹാര മാർഗങ്ങൾ സമയബന്ധിതമായി നടപ്പാക്കുക

>കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും മാനസിക സംഘർഷം കുറയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

>ഗൈഡൻസ് ആൻഡ് കൗൺസലിംഗ്, ഈവനിംഗ് ക്ലാസുകൾ, കരിയർ ഗൈഡൻസ്, രക്ഷാകർതൃബോധം, മോണിറ്ററിംഗ്.

------------------

"പഠനനിലവാരം നിരന്തരം വിലയിരുത്തും. കുട്ടികളുടെ വൈവിദ്ധ്യമാർന്ന കഴിവുകളെ പരിപോഷിപ്പിക്കാനുതകുന്ന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കും. വിദ്യാലയങ്ങളിലെ അക്കാദമിക മികവ് ഉറപ്പുവരുത്തും. കുട്ടികളുടെ കഴിവുകളെയും മികവുകളെയും പൊതുസമൂഹത്തിന് പരിചയപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി വിദ്യാലയങ്ങൾക്കാവശ്യമായ സഹായം നൽകും "

അന്നപൂർണാ ദേവി

(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)