അടൂർ: കയ്പ്പും മധുരവും കഠിനാദ്ധ്വാനവുമേകിയ പരിശീലനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ ജോലിയിൽ പ്രവേശിച്ച പൊലീസ് സേനാംഗങ്ങൾ ഓർമ്മകളുടെ തീരത്ത് വീണ്ടും ഒത്തുകൂടി.അടൂരിലെ കെ.എ.പി മൂന്നാം ബറ്റാലിയനിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 2010 ബാച്ചിലെ പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിൽ നിന്നുള്ള 325 സേനാംഗങ്ങളാണ് പറക്കോട് ഗ്രീൻവാലി കൺവൻഷൻ സെന്ററിൽ കഴിഞ്ഞ ദിവസം ഒത്തുകൂടിയത്. 2010 ബാച്ചിൽ പരിശീലനത്തിനായി 350 പേരാണ് ഉണ്ടായിരുന്നത്. അതിലെ ഏതാനും ചിലർ ഒഴികെ ഭൂരിപക്ഷം പേരും ജോലിക്ക് ഒരു ദിവസത്തെ വിശ്രമം നൽകി കൂട്ടായ്മയിൽ പങ്കാളികളായി. പൊലീസ് സേവനത്തിനിടയിൽ മരിച്ച പ്രിൻസ് ,റസിറ്റസ്, വിപിൻ, സതീഷ് എന്നിവരെ അനുസ്മരിച്ചു കൊണ്ടാണ് ബാച്ച് മീറ്റ് ആരംഭിച്ചത്. കലാപരിപാടികളും അവതരിപ്പിച്ചു. വടക്കടത്ത് ക്യാമ്പിലെ പരേഡ് ഗ്രൗണ്ടും, തങ്ങൾ താമസിച്ച ബാരക്കുകളും സന്ദർശിച്ച ശേഷമായിരുന്നു മടക്കം.