teacher

പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 151-ാമത് വീട് അടൂർ ചൂരക്കോട് വട്ടത്തിനാൽ വിള മുകളുവിള വടക്കേതിൽ അശ്വതിക്കും കുടുംബത്തിനും നൽകി. അശ്വതിയുടെ ചെറുപ്പത്തിലേ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയി. അമ്മ അന്നമ്മയും അനുജത്തി ജ്യോതിയ്ക്കുമൊപ്പമാണ് അശ്വതിയുടെ താമസം. പത്താംക്ലാസ് വരെ പഠിച്ച അശ്വതി കുടുംബം പോറ്റാനായി ജോലിയ്ക്കിറങ്ങുകയായിരുന്നു. അനുജത്തി പ്ലസ്ടുവിന് പഠിക്കുകയാണ്. ഇൗ കുടുംബത്തിന്റെ വീട് തകർന്നതോടെ പഞ്ചായത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് ഇവരെ മാറ്റി പാർപ്പിച്ചിരുന്നു. പഞ്ചായത്തംഗം ടി.ഡി സജിയാണ് ഇവരുടെ ദുരിതം സുനിൽ ടീച്ചറെ അറിയിച്ചത്. പ്രവാസിയും ആർക്കിടെക്ടുമായ സുനിൽ പി. സ്റ്റാൻലിയുടെ സഹായത്താൽ രണ്ട് മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ 600 സ്ക്വയർഫീറ്റ് വലിപ്പമുള്ള വീടാണ് നിർമ്മിച്ച് നൽകിയത്.

വീടിന്റെ താക്കോൽ ദാനം സ്പോൺസറിന്റെ സുഹൃത്ത് ആർക്കിടെക്ട് രാജേഷ് രവീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈല റെജി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗം ടി.സരസ്വതി, പഞ്ചായത്ത് അംഗങ്ങളായ ടി.ഡി സജി, കെ.രാജി മോൾ, അജിത് കുമാർ, അംഗൻവാടി വർക്കർ എ.ടി.ശ്രീദേവി, ഡി.ജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ ഡോ.സി.എം ഇന്ദുലേഖ, സന്തോഷ് എം. സാം, കെ.പി.ജയലാൽ, മേഘ സൂസൻ ഫിലിപ്പ്, ഹരിത കൃഷ്ണൻ എന്നിവർ സംസാരിച്ചു.