കൊടുമൺ: ഇടത്തിട്ട ജംഗ്ഷനിൽ ഗുരുമന്ദിരത്തിലേക്ക് വഴിയില്ലാതാക്കി പൊതുമരാമത്ത് നിർമ്മിച്ച കാന മെറ്റലും മണ്ണും ഇട്ട് മൂടി. ഗുരുമന്ദിരത്തിലേക്ക് ഇനി തടസമില്ലാതെ പ്രവേശിക്കാം. കേരളകൗമുദി വാർത്തയെ തുടർന്നായിരുന്നു നടപടി. ഗുരുമന്ദിരത്തിന് മുന്നിലൂടെ പണിഞ്ഞ കാനയിലെ മേൽമണ്ണ് ഒലിച്ചു പോയിരുന്നു. ഗുരുമന്ദിരത്തിലേക്ക് ശ്രീനാരായണീയർക്ക് പ്രവേശിക്കാൻ പറ്റാതായി. ശാഖായോഗം ഭാരവാഹികൾ പൊതുമരാമത്ത് പരാതി പരിഹാര സെല്ലിൽ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇക്കാര്യം കേരളകൗമുദി കഴിഞ്ഞ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തതോടെ അടിയന്തരമായി കാന മണ്ണിട്ട് ഉറപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പണി പൂർത്തിയായത്.

25മീറ്റർ നീളത്തിൽ മൂന്നടി താഴ്ചയിലും വീതിയിലുമായിരുന്നു ഗുരുമന്ദിരത്തിന് മുന്നിലെ കുഴി. മണ്ഡല ചിറപ്പ് അടുത്തുവരുന്ന ദിവസമായതിനാൽ ഗുരുമന്ദിരത്തിലേക്ക് ശ്രീനാരായണീയർക്ക് പ്രവേശിക്കാൻ പറ്റാത്തത് കേരളകൗമുദി വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.