ഇളമണ്ണൂർ: ശബരിമല തീർത്ഥാടകരുടെ അപ്രഖ്യാപിത ഇടത്താവളമാണ് കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ കിഴക്കേ ആൽത്തറ മണ്ഡപം. പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ഇവിടെ തമിഴ്നാട്ടിൽ നിന്നും സംസ്ഥാനത്തിന്റെ തെക്കൻ മേഖലയിൽ നിന്നും എത്തുന്ന ഭക്തർ വിരിവച്ച് വിശ്രമിക്കാറുണ്ട്. ഇവിടെ ശബരിമല ഇടത്താവളം ഒരുക്കണമെന്നുള്ളത് വർഷങ്ങളായുള്ള ആവശ്യമാണ്. തിരഞ്ഞെടുപ്പ് സമയങ്ങളിൽ വാഗ്ദാനങ്ങൾ നൽകാറുണ്ടെങ്കിലും മാറി വന്ന പഞ്ചായത്ത് ഭരണസമിതികൾ ഇതിനായി ഒരു രൂപ പോലും ബഡ്ജറ്റിൽ വകയിരുത്തിയിട്ടില്ല. മണ്ഡലകാലത്ത് 41 ദിവസവും ആൽത്തറ മണ്ഡപം കേന്ദ്രീകരിച്ച് പ്രത്യേക പൂജകളും ഭജനയും നടത്താറുണ്ട്. തീർത്ഥാടനകാലത്ത് ദിവസവും നൂറ് കണക്കിന് അയ്യപ്പഭക്തരാണ് ഇവിടെ എത്തുന്നത്.
പ്രഖ്യാപനം പാഴായി, തുക വക മാറ്റി ചെലവഴിച്ചു
കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനങ്ങളിൽ ഒന്ന് ഇടത്താവളം യാഥാർത്ഥ്യമാക്കുമെന്നായിരുന്നു. ഇതിനായി പത്ത് ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ജില്ലാ പഞ്ചായത്തും പഞ്ചായത്തും തമ്മിലുള്ള ശീതസമരം ഇടത്താവളം പദ്ധതിയെ ബാധിച്ചു. ആദ്യ ഗഡുവായി അനുവദിച്ച പത്ത് ലക്ഷം രൂപ വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചെങ്കിലും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്ഥലം കണ്ടെത്തി നൽകാതിരുന്നതാണ് പദ്ധതി മുടങ്ങാൻ കാരണമായത്. പലപ്പോഴും ശബരിമലയിൽ തിരക്കു വർദ്ധിക്കുമ്പോൾ കലഞ്ഞൂർ ഭാഗത്താണ് ഭക്തർ തങ്ങുന്നത്. ഇവിടെ ചെറുതും വലുതുമായ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു സൗകര്യമുണ്ട്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം
തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടി വേണമെന്നാവശ്യം ശക്തമാണ്. ക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ശൗചാലയങ്ങളാണ് മുൻ വർഷങ്ങളിൽ തീർത്ഥാടകർ ഉപയോഗിച്ച് വന്നിരുന്നത്. അയ്യപ്പൻമാർക്ക് അടിസ്ഥാന സൗകര്യം ഒരുക്കി നൽകുന്നത് മഹാദേവർ ക്ഷേത്ര സേവാ സംഘവും ട്രസ്റ്റ് ഭരണസമിതിയുമാണ്. ജില്ലയുടെ ആരംഭ സ്ഥലമായ ഇവിടെയെത്തുന്നവർക്ക് സഹായകരമായ രീതിയിൽ സൂചനാ ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ല. അധികൃതരുടെ അനാസ്ഥ മൂലമാണ് കലഞ്ഞൂരിൽ ഇടത്താവളം സാധ്യമാക്കാൻ കഴിയാത്തതെന്നാണ് നാട്ടുകാരും ഭക്തരും പറയുന്നത്.
ജില്ലാ പഞ്ചായത്ത് അനുവദിച്ചത് : 10 ലക്ഷം
പഞ്ചായത്ത് ഭൂമി കണ്ടെത്തിയില്ല