പത്തനംതിട്ട: ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി മണ്ഡലകാലം തുടങ്ങുംമുമ്പ് പൂർത്തിയാകില്ലെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ. ഭരണാനുമതി നൽകുന്നതിലും ടെൻഡറുകൾ വിളിക്കുന്നതിലും ഉണ്ടായ കാലതാമസവും ടാറിന്റെ വകുപ്പുതല വിതരണം നിറുത്തിയതുമാണ് കാരണം . മണ്ഡലകാലം ആരംഭിക്കുന്ന 17 ന് ഒരു റോഡുപോലും പൂർത്തിയാകാത്ത അവസ്ഥയാണ്.
48 കോടി രൂപയ്ക്കുള്ള 11 പണികൾ സൂപ്രണ്ടിംഗ് എൻജീനിയറുടെ കാര്യാലയത്തിൽ ടെൻഡർ ചെയ്തെങ്കിലും പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ചെറുകിടക്കാർക്ക് നേരിട്ട് ടാർ നൽകുന്നത് നിറുത്തലാക്കിയതും ചെറുകിട ക്വാറികൾ അടച്ചുപൂട്ടിയതും പണികൾ മുടങ്ങാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ 11 മാസത്തെ കുടിശികയായി 3000 കോടിയോളം രൂപ കരാറുകാർക്ക് നൽകാനുണ്ട്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ചെക്കുകൾ മാറിനൽകുന്നില്ല. ലോക്കൽ മാർക്കറ്റ് നിരക്കുകളിൽ ടെൻഡറുകൾ അംഗീകരിക്കാനും തയ്യാറാകുന്നില്ല. ഡൽഹി ഷെഡ്യൂൾ ഒഫ് റേറ്റിനേക്കാൾ വിപണിനിരക്കുകൾ 20-25 ശതമാനം വരെ ഉയർന്നതാണ്. എന്നാൽ 10 ശതമാനം വരെ ഉയർന്ന നിരക്കുകൾ നൽകാനേ തയ്യാറാകുന്നുള്ളു.
റോഡുകളുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ മുഴുവൻ ടാറും വകുപ്പുതലത്തിൽ ഉടൻ വിതരണം ചെയ്യണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ചെറുകിട ക്വാറികൾക്ക് പ്രവർത്തനാനുമതി നൽകണം. കുടിശികകളുടെ 50 ശതമാനമെങ്കിലും നവംബർ ഡിസംബർ മാസങ്ങളിൽ വിതരണം ചെയ്യണം. പണികൾ പൂർത്തിയാക്കാനുള്ള കാലപരിധി നീട്ടിനൽകണം.
വാർത്താ സമ്മേളനത്തിൽ അസോസയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി, സെക്രട്ടറി തോമസുകുട്ടി തേവരുമുറിയിൽ, ജില്ലാ പ്രസിഡന്റ് അനിൽ ഉഴത്തിൽ, കോട്ടയം ജില്ലാ പ്രസിഡന്റ്, റെജി .ടി ചാക്കോ, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എൻ.പി. ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി അജികുമാർ എന്നിവർ പങ്കെടുത്തു.