sangamam-

തിരുവല്ല: പ്രളയവും അടിക്കടി ഉണ്ടാകുന്ന പകർച്ച വ്യാധികളും കാരണം ഏറെ പ്രതിസന്ധിയിലായ അപ്പർകുട്ടനാടൻ താറാവ് കർഷകർക്ക് സഹായവുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചു. താറാവ് കർഷക ഗ്രൂപ്പുകൾക്ക് അമ്പത് ശതമാനം സബ്‌സിഡി നിരക്കിൽ താറാവിൻ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. ആദ്യ ഘട്ടമായി 5.50 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ താറാവ് കർഷകർക്കായി ഇതാദ്യമായാണ് ഇത്തരമൊരു പദ്ധതി ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പാക്കുന്നത്. ഇതോടനുബന്ധിച്ച് പുളിക്കീഴ് ബ്ലോക്കിൽ മഞ്ഞാടി ഡക്ക് ഹാച്ചറി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ താറാവ് കർഷക സംഗമവും ഏകദിന പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ മേരി ചെറിയാൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ജി.അംബികാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൂസമ്മ പൗലോസ്, ഈപ്പൻ കുര്യൻ, അംബികാ മോഹൻ, അന്നമ്മ വർഗ്ഗീസ്, ഡോ.സുബിയൻ, സെക്രട്ടറി ബീനാകുമാരി.ടി, പ്രവീൺ ടി.ജെ എന്നിവർ പ്രസംഗിച്ചു. മഞ്ഞാടി ഡക്ക് ഹാച്ചറി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.ആശ ഏബ്രഹാം, ഡോ.തോമസ് ജേക്കബ്ബ്, ഡോ.രമ്യ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.