പത്തനംതിട്ട : സ്കൂൾ പരിസരത്ത് പിസയും ബർഗറുമൊക്കെ നിരോധിച്ചാലും പഫ്സും നാരങ്ങാവെള്ളവുമെങ്കിലും ഞങ്ങൾക്ക് നൽകണേ. പറയുന്നത് വിദ്യാർത്ഥികളാണ്. ജങ്ക് ഫുഡിനെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ മിക്കവരും കടുത്ത അനിഷ്ടത്തിലാണ്.
പിസ, ബർഗർ, പഫ്സ്, നൂഡിൽസ്, കോളകൾ, കൃത്രിമ പാനീയങ്ങൾ തുടങ്ങിയ ജങ്ക് ഫുഡും ഇവയുടെ പരസ്യവും സ്കൂളിലും പരിസരത്തും നിരോധിക്കുന്നത് സംബന്ധിച്ച കരട് നിയമം ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിട്ടിയാണ് പുറത്തിറക്കിയത്. പക്ഷേ വിദ്യാർത്ഥികൾക്ക് അത്രപെട്ടെന്നൊന്നും അവയെ തള്ളിക്കളയാനാകില്ല. അവരുടെ ഇഷ്ടവിഭവമാണ് അവ.
---------------------
മാതാപിതാക്കൾ ഇവയൊക്കെ വാങ്ങിത്തരാറുണ്ട്.. സ്കൂളിലേക്ക് പോകുമ്പോൾ വല്ലതും വാങ്ങിക്കഴിക്കണമെന്ന് പറഞ്ഞ് ചിലപ്പോൾ വീട്ടിൽ നിന്ന് രാവിലെ രൂപ തരും. . ബർഗറും, പഫ്സുമാണ് ഞങ്ങൾക്ക്. പ്രിയം. വല്ലപ്പോഴുമേ കഴിക്കാറുള്ളു. സ്ഥിരമായി കഴിക്കുന്ന കൂട്ടുകാരുണ്ട്. പരസ്യബോർഡുകൾ നിരോധിക്കുന്നത് നന്നായിരിക്കും. പരസ്യം കാണുമ്പോഴാണ് വാങ്ങി കഴിക്കാനുള്ള തോന്നലുണ്ടാകുന്നത്.
(വിമൽ, അമൃതനാഥ്, അശ്വിൻ, സോനു )
-----------------------
വീട്ടിൽ നിന്ന് എല്ലാദിവസവും ഭക്ഷണം കൊണ്ടുവരും. . ജങ്ക് ഫുഡ് ഇടയ്ക്കൊക്കെ കൂട്ടുകാർക്കൊപ്പം കഴിക്കാറുണ്ട്. ഇവ സ്കൂളിൽ നിരോധിക്കണം എന്നുതന്നെയാണ് അഭിപ്രായം. ചില കൂട്ടുകാർക്ക് ഇങ്ങനെയുള്ള ഭക്ഷണങ്ങളോട് മാത്രമാണ് താൽപര്യം.
(അശ്വതി മോഹൻദാസ്)
--------------------
ജങ്ക് ഫുഡ്
ഉയർന്ന തോതിൽ കലോറികളടങ്ങിയതും കുറഞ്ഞ പോഷകാഹാര മൂല്യങ്ങളടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. ജങ്ക് എന്ന ഇംഗ്ളീഷ് പദത്തിന്റെ അർത്ഥംതന്നെ ഉപയോഗ ശൂന്യമെന്നാണ്. കൊഴുപ്പുകൂടിയ ഭക്ഷണമാണിത്. ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലും പ്രോട്ടീനും വിറ്റാമിനും കുറവുമാണ്.
------------------
സ്ഥിരമായി കഴിച്ചാൽ
അമിത വണ്ണം
ശാരീരിക പ്രശ്നങ്ങൾ
ഓർമ്മക്കുറവ്
മാനസിക പിരിമുറക്കം
---------------------------
"ജങ്ക് ഫുഡ് വിൽപനയും പരസ്യവും നിരോധിക്കാനുള്ള കരടു നിയമം ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിട്ടി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായങ്ങൾ അറിയിക്കാൻ മുപ്പത് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. സ്കൂളിലും ഹോസ്റ്റലിലും ഭക്ഷ്യ സുരക്ഷാ അധികൃതർ പരിശോധന നടത്തുകയും കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നുണ്ട്
രഘുനാഥ്
ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ
-----------------------------
സ്കൂൾ ഹോസ്റ്റലുകളിൽ
പരിശോധന
ഫുഡ് ഇൻസ്പെക്ഷൻ അറ്റ് സ്കൂൾ ഹോസ്റ്റൽ (ഫിഷ് ) എന്ന പേരിൽ ഭക്ഷ്യവകുപ്പിന്റെ സ്ക്വാഡ് പരിശോധന ജില്ലയിലെ സ്കൂൾ ഹോസ്റ്റലുകളിലും കാന്റീനുകളിലും തുടങ്ങി. ശുചിത്വവും ഭക്ഷണത്തിന്റെ ഗുണനിലവാരവുമാണ് പരിശോധിക്കുന്നത്. തിരഞ്ഞെടുത്ത പതിനഞ്ച് സ്കൂളുകളിൽ 9, 11 ക്ലാസുകളിലെ കുട്ടികൾക്ക് ബോധവത്കരണ ക്ളാസുകളും തുടങ്ങി.