തിരുവല്ല: ശബരിമല മണ്ഡലകാലത്തിന് ഇനി ദിവസങ്ങളേയുള്ളു. തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തി ശബരിമലയിലേക്ക് പോവുകയും മടങ്ങുകയും ചെയ്യുന്ന തീർത്ഥാടകർ നിരവധിയുണ്ട്. പക്ഷേ ഇൗ പ്രാധാന്യം ഉൾക്കൊണ്ടുള്ള കാര്യമായ ഒരുക്കങ്ങളൊന്നും ഇവിടെ തുടങ്ങിയിട്ടില്ല.
---------------------
എസ്‌കലേറ്റർ
റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററിന്റെ പ്രവർത്തനം തുടങ്ങാൻ വൈകും. നിലവിലുള്ള ട്രാൻസ്ഫോർമറിനു ശേഷി കുറവായതിനാൽ പുതിയ 100 കെ.വിയുടെ ട്രാൻസ്ഫോർമർ സ്ഥാപിച്ചെങ്കിലേ എസ്‌കലേറ്റർ പ്രവർത്തിച്ചു തുടങ്ങൂ. പുതിയ ട്രാൻസ്‌ഫോർമർ പ്രവർത്തിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. റെയിൽ പാളത്തിന് കുറുകെ കേബിളുകൾ സ്ഥാപിച്ച് ഫീഡറുകളിൽ ബന്ധിപ്പിച്ചു വേണം ഈ പണികൾ പൂർത്തിയാക്കാൻ. ഇതിനായി കൂടുതൽ സമയം വേണ്ടിവരുമെന്ന് അധികൃതർ പറഞ്ഞു. ഒരു എസ്കലേറ്ററിനു 95 ലക്ഷം രൂപയാണ് ചെലവ്. ആന്റോ ആന്റണി എം.പിയുടെയും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യന്റെയും പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ഓരോ എസ്കലേറ്ററിനും 95 ലക്ഷം രൂപ വീതം അനുവദിച്ചത്. രണ്ട് പ്ലാറ്റ്ഫോമുകളിലുള്ള എസ്കലേറ്ററുകളെ ബന്ധിപ്പിക്കുന്ന മുകളിലെ നടപ്പാലം റെയിൽവേ മന്ത്രാലയം അനുവദിച്ച 1.65 കോടി രൂപ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
--------------------
പിൽഗ്രിം സെന്റർ
റെയിൽവേ സ്റ്റേഷനിലെ പിൽഗ്രിം സെന്റർ അടച്ചുപൂട്ടിയ നിലയിലാണ്. പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. പ്രീപെയ്ഡ് ടാക്സി കൗണ്ടറും ഇവിടെ പ്രവർത്തിച്ചിരുന്നതാണ്. വിദൂരങ്ങളിൽ നിന്നെത്തുന്ന ട്രെയിൻ യാത്രക്കാർക്ക് വലിയ സഹായമായിരുന്ന സെന്റർ പിന്നീട് പലവിധ കാരണങ്ങളാൽ അടച്ചുപൂട്ടുകയായിരുന്നു. പിൽഗ്രിം സെന്റർ തുറന്നാൽ ശബരിമല സീസൺ ആരംഭിക്കുമ്പോൾ തീർത്ഥാടകർക്ക് പ്രയോജനപ്പെട്ടേനെ.
-----------------
ഇൻഫർമേഷൻ സെന്റർ തുറക്കും
തിരുവല്ല: തിരുവല്ല റെയിൽവേ സ്റ്റേഷനിൽ രണ്ടുവർഷം മുമ്പ് അടച്ചുപൂട്ടിയ ഇൻഫർമേഷൻ സെന്റർ തുറക്കാൻ നടപടിയായി. ശബരിമല തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് പ്രവർത്തനം ആരംഭിക്കും. സെന്റർ പ്രവർത്തിക്കാത്തത് മൂലം യാത്രക്കാർക്ക് ട്രെയിന്റെ സമയവും മറ്റും അറിയാൻ വഴിയില്ലായിരുന്നു. രണ്ടു വർഷങ്ങൾക്ക് മുമ്പ് 13 മാസം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം. ഇത്തവണയും കൗൺസിലിന്റെ സഹകരണമുണ്ടാകും. ഇൻഫർമേഷൻ സെന്ററിൽ മുമ്പ് ഉണ്ടായിരുന്ന 0469 2600437 എന്ന നമ്പരിലൂടെ ഫോണിലും വിവരങ്ങൾ അറിയാം.