ചെങ്ങന്നൂർ: നഗരത്തിലെ ഓട്ടോ ടാക്‌സി സ്റ്റാൻഡുകൾ, ബസ് സ്‌റ്റോപ്പുകൾ എന്നിവ പുനഃക്രമീകരിക്കുന്നതിനും വൺവേ കർശനമാക്കുന്നതിനും ഇറക്കുകൾ, കൈയേറ്റങ്ങൾ എന്നിവ ഒഴിപ്പിക്കുന്നതിനും ഗതാഗത ക്രമീകരണ സമിതിയിൽ തീരുമാനം. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷനായുളള സമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇതിനായി നഗരസഭ, പൊതുമരാമത്ത് റോഡ് വിഭാഗം, പൊലീസ്, ജോയിന്റ് ആർ.ടി.ഒ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരുടെ സ്‌ക്വാഡ് രൂപീകരിച്ച് നടപടി സ്വീകരിക്കും.
റെയിൽവേ സ്റ്റേഷനിൽ പ്രീ-പെയ്ഡ് കൗണ്ടർ
നഗരത്തിൽ അനധികൃത ഓട്ടോ ടാക്‌സി സ്റ്റാൻഡുകൾ ഒഴിവാക്കും. എ.സി പെർമിറ്റുള്ള ഓട്ടോറിക്ഷകൾ മാത്രമേ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യാൻ അനുവദിക്കു. ഓട്ടോയിൽ രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാൻഡുകളിൽ മാത്രമേ പാർക്കിംഗ് അനുവദിക്കൂ. റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനരാരംഭിക്കും.
ബസ് സ്റ്റോപ്പുകൾ പുന:ക്രമീകരിച്ചു
എം.സി റോഡിൽ പന്തളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പുകളിൽ വെള്ളാവൂർ ജംഗ്ഷനിലെ സ്റ്റോപ്പ് നവരത്‌ന ഹോട്ടലിന് എതിർവശത്തേക്ക് മാറ്റും. കുന്നത്തുകളത്തിൽ ജൂവലറിക്ക് മുൻവശവും സി.ജി ഫേബ്രിക്‌സിന് മുൻവശവും ഉള്ള ബസ് സ്റ്റോപ്പുകൾ ഒഴിവാക്കി, ആറ്റിൻകര ഇലക്ട്രോണിക്‌സിന് എതിർവശമായി പുതിയ സ്റ്റോപ്പ് അനുവദിക്കും. ആശുപത്രി ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മുൻപോട്ട് നീക്കി പുലിക്കുന്ന് ഭാഗത്തേക്കാക്കും. ഐ.ടി.ഐ ജംഗ്ഷനിൽ ബസുകൾ നിറുത്തുന്നത് ഒഴിവാക്കി കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തേക്ക് സ്റ്റോപ്പ് മാറ്റും.
എം.സി റോഡിൽ തിരുവല്ല ഭാഗത്തേക്കുള്ള ആറ്റിൻകര ഇലക്ട്രോണിക്‌സിന് മുൻവശത്തെ സ്‌റ്റോപ്പ് പിന്നോട്ട് മാറ്റി കത്തോലിക്കാ പള്ളിയുടെ എതിർവശത്താക്കും. മാർക്കറ്റ് റോഡിന് മുൻവശത്തെ കോഴഞ്ചേരി ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പ് ഹോട്ടൽ ഭഗവത് ഗാർഡന്റെ മുൻവശത്തേക്ക് മാറ്റും. കോഴഞ്ചേരി റോഡിൽ ബുഫിയ ബേക്കറിയുടെ മുൻവശത്തെ ബസ് സ്റ്റോപ്പ് ഒഴിവാക്കും. വെള്ളാവൂർ ജംഗ്ഷനിൽ നിന്ന് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കുളള റോഡിലെ ബസ് സ്‌റ്റോപ്പ് ഹോട്ടൽ റിലാക്സ് ഇന്നിന് മുന്നിലേക്ക് മാറ്റും. ബസ് സ്റ്റോപ്പുകളില്ലാത്ത കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻവശമടക്കമുള്ള ഭാഗങ്ങളിൽ നിറുത്തി ആളെ കയറ്റിയിറക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
സബ് സ്റ്റേഷൻ, ഗവ.ഗേൾസ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌കൂൾ, സിവിൽ സ്‌റ്റേഷൻ, നന്ദാവനം ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്വകാര്യ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നന്ദാവനം ജംഗ്ഷനിൽ ആളുകളെ കയറ്റിയിറക്കാം.
പാർക്കിംഗ് നിരോധനം
മാർക്കറ്റ് റോഡ്, എൻജിനിയറിംഗ് കോളേജിന് മുൻവശം മുതൽ എം.സി റോഡുവരെയുള്ള ഭാഗം വരെയും വാഹന പാർക്കിംഗ് പൂർണമായും നിരോധിക്കും. എം.സി റോഡിലും നഗരമദ്ധ്യത്തിലെ റോഡുകളിലും അനുവദിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമേ വാഹന പാർക്കിംഗ് പാടുള്ളൂ. അല്ലാത്ത വാഹനങ്ങൾക്ക് ട്രാഫിക് പൊലീസ് സ്റ്റിക്കർ ഒട്ടിച്ച് പിഴ ഈടാക്കും. വൺവേ തെറ്റിച്ചുവരുന്ന വാഹനങ്ങൾക്കും പിഴ ഇൗടാക്കും.
8 മുതൽ 8വരെ ചരക്ക് ലോറികൾക്ക് വിലക്ക്
രാവിലെ 8നും രാത്രി 8 നും ഇടയിലുള്ള സമയത്ത് തിരുവല്ല ഭാഗത്തു നിന്ന് പന്തളം ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികൾ, വലിയ വാഹനങ്ങൾ, ട്രക്ക്, ടിപ്പറുകൾ എന്നിവ കല്ലിശ്ശേരിയിൽ നിന്ന് തിരിഞ്ഞ് കുറ്റിക്കാട്ടുപടി, മംഗലം പാലം, അങ്ങാടിക്കൽ, പുത്തൻകാവ്, സെഞ്ച്വറി ആശുപത്രി വഴി എം.സി റോഡിൽ മുളക്കുഴ പിരളശ്ശേരി ഭാഗത്തെത്തി തിരിഞ്ഞു പോകണം. പന്തളം ഭാഗത്തു നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ പിരളശ്ശേരിയിൽ നിന്ന് തിരിഞ്ഞ് ഇതേ റൂട്ടിൽ കല്ലിശ്ശേരിയെത്തി തിരിഞ്ഞു പോകണം. മാർക്കറ്റ് റോഡിൽ രാവിലെ 8 നും രാത്രി 8 നും ഇടയ്ക്കുള്ള സമയം വാഹനങ്ങൾ നിറുത്തി ചരക്കുകളിറക്കാൻ അനുവദിക്കില്ല.
ഓട്ടോ ടാക്‌സി സംബന്ധമായ കാര്യങ്ങളിൽ യോഗം വിളിച്ചു ചേർത്ത് വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ഇന്ന് രാവിലെ 11ന് നടക്കും.
തീരുമാനം 16മുതൽ
യോഗ തീരുമാനങ്ങൾ 16 ന് നടപ്പിലാക്കും. കൺവീനർ ജോയിന്റ് ആർ.ടി.ഒ ഡി.ജയരാജ്, ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ. ജോർജ്ജ്, എസ്.ഐ എസ്.വി.ബിജു, പൊതുമരാമത്ത് റോഡ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പി.ബി.ബിമൽ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി.പി.പ്രദീപ്കുമാർ, ട്രാഫിക് എ.എസ്.ഐ. രാധാകൃഷ്ണപിള്ള, നഗരസഭാ സെക്രട്ടറി ജി.ഷെറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.