വകയാർ: വാഴവിത്തുകളുടെ വകയാർ പെരുമയ്ക്ക് മുപ്പത്ത് വർഷങ്ങളുടെ പഴക്കം. പുനലൂർ - മുവാറ്റുപുഴ സംസ്ഥാന പാതയിലെ വകയാർ കോട്ടയംമുക്ക് പ്രധാന വാഴവിത്ത് വിപണിയാണ്. 1989 മുതൽ വകയാറിലെ വാഴകർഷകർ തമിഴ്‌നാട്ടിലെ തക്കലയിൽ നിന്ന് വാഴവിത്തുകൾ എത്തിച്ചാണ് തുടക്കം. നെൽകൃഷി നഷ്ടമായപ്പോൾ കർഷകർ വാഴ കൃഷിയിലേക്ക് തിരിയുകയായിരുന്നു. ഏക്കറുകൾ വരുന്ന പാടശേഖരങ്ങളിൽ വാഴകൃഷി തുടങ്ങുമ്പോൾ കൂടുതലായി വിത്തുകൾ വേണ്ടിവന്നു. അങ്ങനെയാണ് തമിഴ്‌നാട്ടിലെ മാർത്താണ്ഡം, തക്കല തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വിത്തുകൾ എത്തിച്ചത്. ആവശ്യക്കാർ ഏറിയതോടെ വിത്തുകളെത്തിച്ച് കച്ചവടം തുടങ്ങി, കച്ചവടം പുരോഗമിച്ചതോടെ പലരും കടകൾ വാടകയ്‌ക്കെടുത്തു. ഇന്ന് ജില്ലയിലെ കർഷകർക്ക് വാഴക്കൃഷിയെവിടെയായാലും വിത്തുകൾ വകയാറിൽ നിന്ന് വാങ്ങണമെന്ന സ്ഥിതിയായി. തമിഴ്നാട്ടിലെ മേട്ടുപാളയം, തക്കല, അംബാസമുദ്രം, തിരുനെൽവേലി എന്നിവടങ്ങളിൽ നിന്നാണിവിടെ വിത്തുകളെത്തിക്കുന്നത്. രണ്ട് ദിവസം കൂടുമ്പോൾ 6 ലോറി വാഴവിത്തുകളെങ്കിലും എത്തിചേരും. ജില്ലയിലെ കർഷകർക്ക് പുറമെ കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കർഷകരും ഇവിടെയെത്തുന്നു. കൂടാതെ ശബരിമല തീർത്ഥാടകരും ഇവിടെ നിന്ന് വാഴവിത്തുകൾ വാങ്ങി കൊണ്ടുപോകുന്നു. ലോഡ് എത്തുന്ന ആദ്യദിവസങ്ങളിൽ ഡിമാൻഡ് കൂടുതലാണെന്ന് വ്യാപാരികൾ പറയുന്നു. പോള കരഞ്ഞുണങ്ങിയാൽ കർഷകർ വാങ്ങാൻ മടിക്കും.
ഏത്തൻ, റോബസ്റ്റ, പാളയംകോടൻ, ഞാലി പൂവൻ, ചുവന്ന പൊന്തൻ, പൂവൻ, കണ്ണൻ, കുമ്പില്ലാ കണ്ണൻ തുടങ്ങിയവയുടെ വിത്തുകൾ വിപണിയിലുണ്ട്. പത്ത് കച്ചവടക്കാർ ഇവിടെ സജീവമാണ്. രാവിലെ മുതൽ വൈകിട്ടു വരെ വിപണിയുണ്ട്.
സ്വന്തമായും പാട്ടത്തിനെടുത്ത സ്ഥലത്തും നിരവധി കർഷകരാണ് വകയാറിൽ വാഴ കൃഷി ചെയ്യുന്നത്. ഇവിടെയുത്പാദിപ്പിക്കുന്ന വാഴക്കുലകൾ ഇവിടുത്തെ സ്വാശ്രയ വിപണിയിലൂടെ വിറ്റഴിക്കുന്നതു കൊണ്ട് കർഷകർക്ക് ന്യായമായ വിലയും ലഭിക്കുന്നു. ഇതിലൂടെ വകയാർ വാഴവിത്തുകളുടെയും വാഴ കുലകളുടെയും പ്രധാന വിപണിയായി മാറി.
കഴിഞ്ഞ രണ്ട് പ്രളയങ്ങൾ കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കി. എന്നാലും കൃഷിയും വിത്തുവിപണിയും സജീവമാണ്.
വാസു
വാഴക്കർഷകൻ ,
വകയാർ, ഇടത്തറ സ്വദേശി