പത്തനംതിട്ട- പത്തനംതിട്ടയിൽ വനിതാ പൊലീസ് സ്റ്റേഷൻ അനുവദിച്ച് സർക്കാർ ഉത്തരവായി. 19 തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. സ്റ്റേഷൻ ഓഫീസർ സർക്കിൾ ഇൻസ്‌പെക്ടറായിരിക്കും. 2 എസ്. ഐമാർ, 5 വനിതാ സീനിയർ സിവിൽ ഓഫീസർമാർ, 10 വനിതാ സിവിൽ ഓഫീസർമാർ, ഒരു ഡ്രൈവർ എന്നിവർ ഉൾപ്പെടുന്നു. 14 തസ്തികകൾ പുതുതായി സൃഷ്ടിച്ചവയാണ് . 5 തസ്തികകൾ പുനർവിന്യാസത്തിലൂടെയാണ് ക്രമീകരിക്കുക.
ഇടുക്കി, പാലക്കാട് ,കാസർകോട് ജില്ലകളിലും വനിതാ പൊലീസ് സ്റ്റേഷനുകൾ അനുവദിച്ചിട്ടുണ്ട്.
നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതി ചെലവുകളിൽ ഉൾപ്പെടുത്തി പുതിയ സ്റ്റേഷനുകൾക്ക് പണം കണ്ടെത്തണമെന്നാണ് നിർദേശം. സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുന്ന അവസരത്തിൽ മാത്രമേ ഇപ്പോൾ സൃഷ്ടിക്കപ്പെടാൻ പോകുന്ന അധിക തസ്തികകളുടെ അടിസ്ഥാനത്തിൽ വിവിധ തസ്തികകളുടെ കേഡർ സ്‌ട്രെംഗ്തിൽ വ്യത്യാസം വരുത്തുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സ്റ്റേഷന് സ്ഥലവും കെട്ടിടവും കണ്ടെത്തിയിട്ടുണ്ടെന്ന് വീണാജോർജ് എം.എൽ.എ അറിയിച്ചു.