പത്തനംതിട്ട : തോരമഴയെ പേടിച്ച് കഴിയുകയാണ് മുക്കം നിവാസികൾ. പമ്പാനദിയിൽ വെള്ളം പൊങ്ങിയാൽ പുറംലോകവുമായി ബന്ധപ്പെടാൻ മാർഗമില്ല. റാന്നി പെരുന്നാട് പഞ്ചായത്തിലെ ഒന്നാം വാർഡാണ് മുക്കം. മുമ്പ് മറുകരയെത്താൻ കടത്തുവള്ളമുണ്ടായിരുന്നു. കോസ്‌വേ വന്നതോടെ കടത്ത് നിറുത്തി. പക്ഷേ വെള്ളം പൊങ്ങിയാൽ കോസ്‌വേ മുങ്ങും. കഴിഞ്ഞ പ്രളയത്തിൽ കോസ്‌വേയുടെ കൈവരികൾ പൂർണമായും തകർന്നു. കോസ്‌വേയുടെ മദ്ധ്യേ ഭാഗത്ത് വിള്ളലുകൾ രൂപപ്പെട്ടു

നാറാണംമൂഴി, അടിച്ചിപ്പുഴ, അലിമുക്ക്, വലിയകുളം, മോതിരവയൽ, ജണ്ടായിക്കൽ പ്രദേശങ്ങളുടെയും സ്ഥിതി ഇതാണ്. കോസ് വേ മുങ്ങിയാൽ ബംഗ്ലാകടവ് പാലമാണ് ആശ്രയം. അവിടെയും വെള്ളം കയറിയിൽ ഒറ്റപ്പെടും.

-----------------------

പാലമാണ് പരിഹാരം

പെരുനാടിനെയും മുക്കത്തേയും ബന്ധിപ്പിച്ച് പാലം വന്നാലേ നാട്ടുകാരുടെ ബുദ്ധിമുട്ടിന് പരിഹാരമാകു. . മുക്കം, നാറാണം മൂഴി, അടിച്ചിപ്പുഴ, മാടമൺ നോർത്ത്, അലിമുക്ക്, വലിയകുളം, ജണ്ടായിക്കൽ, മോതിരവയൽ എന്നിവിടങ്ങളിലുള്ളവർക്ക് ശബരിമല, ചിറ്റാർ, ആങ്ങമുഴി, സീതത്തോട്, മൂഴിയാർ പ്രദേശങ്ങളിലെത്താനുള്ള എളുപ്പവഴിയാണിത്. ഇവിടെ പാലം വന്നാൽ റാന്നിയിൽ നിന്ന് പത്ത് കിലോ മീറ്റർ സഞ്ചരിച്ചാൽ പെരുന്നാട്ടിലെത്താം. ശബരിമലയിൽ പോകുന്നവർക്ക് റാന്നിയിൽ നിന്ന് മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡിലേക്ക് പ്രവേശിക്കാൻ കഴിയുന്ന കുറഞ്ഞ ദൂരവും ഇതാണ്. ശബരിമല തീർത്ഥാടന കാലയളവിൽ റാന്നി, ചെത്തോങ്കര, അഞ്ചുക്കുഴി, നാറാണംമൂഴി വഴി പോകുന്ന അയ്യപ്പൻമാരുടെ വാഹനം മുക്കം കോസ്‌വേ വഴിയാണ് പോകുന്നത്.

-------------------------------

പടിക്കെട്ടുകൾ തകർന്നു

പെരുനാട് എൽ.പി.സ്കൂളിലെ കുട്ടികൾ കോസ്‌വേ‌യിൽ നിന്ന് പമ്പാനദിയിലേക്ക് പോകുന്ന പടിക്കെട്ടുകൾ ഇറങ്ങി നദിയ്ക്ക് കുറുകെയുള്ള എളുപ്പവഴിയിലൂടെയാണ് അക്കരെയെത്തുക. പ്രളയത്തിന് ശേഷം പടിക്കെട്ടുകൾ പകുതിയോളം തകർന്നുകിടക്കുകയാണ്. പമ്പയുടെ തീരം വലിയ രീതിയിൽ ഇടിയുന്നുണ്ട്. കോസ്‌വേയുടെ ബലക്ഷയത്തിന് ഇത് കാരണമാകുമോ എന്ന ഭയത്തിലാണ് നാട്.

----------------------------

കുടിവെള്ളമില്ലാതെ 21 ദിവസം

21 ദിവസമായി മുക്കത്ത് കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. പമ്പ് ഹൗസിലേക്ക് വെള്ളമെടുക്കുന്ന പമ്പാനദിയിലെ കിണറിൽ ചെളി അടിഞ്ഞുകൂടിയതിനാൽ പമ്പുചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. രണ്ടായിരം ലിറ്ററിന് അറുന്നൂറ് രൂപവരെ നൽകി പുറത്തുനിന്ന് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കുകയാണ് നാട്ടുകാർ.

--------------------------------------

"അടിച്ചിപ്പുഴ പട്ടികവർഗ കോളനി, അലിമുക്ക് പട്ടികജാതി കോളനി എന്നിവയടക്കമുള്ള പ്രദേശമാണിത്. ആയിരത്തിലധികം കുടുംബങ്ങളുണ്ട്. ദൈനംദിന ആവശ്യങ്ങൾക്കെല്ലാം പെരുന്നാട്ടിലെത്തണം. അതിന് പമ്പയാറ് കടന്നേപറ്റു. കൈവരി പോലുമില്ലാത്ത കോസ്‌വേയിൽ കൂടിയാണ് കുട്ടികൾ സ്കൂളിൽ പോകുന്നത്.

പി.എൻ.വി ധരൻ

(പ്രദേശവാശി)