
തിരുവല്ല: കുളങ്ങളും ജലസ്രോതസ്സുകളും മണ്ണിട്ട് മൂടി കെട്ടിടം പണിയുന്ന സംസ്‌കാരത്തിന് അറുതി വരുത്താനായി നിലവിലെ കുളങ്ങൾ പുനരുദ്ധരിച്ചും നൂതനമായ കുളങ്ങൾ ഒരുക്കിയും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ജലസംരക്ഷണ പ്രവർത്തനങ്ങളുമായി മുന്നേറുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിൻചയ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബ്ലോക്ക് പരിധിയിലെ ജലസംഭരണ കേന്ദ്രങ്ങളായ കുളങ്ങൾ നവീകരിക്കുകയും പുതുതായി കുളങ്ങൾ പണിയുകയും ചെയ്തത്.
നവീകരിച്ച കുളങ്ങൾ
പെരിങ്ങര ഗവ. ഹയർസെക്കന്ററി സ്‌കൂൾ കുളം, പരുമല തിരുവാർമംഗലം കുളം, കടപ്ര മോഴശ്ശേരി സ്‌കൂൾ കുളം, നിരണം തെറ്റാലിക്കൽ ക്ഷേത്രക്കുളം, നിരണം തൃക്കപ്പാലീശ്വര ക്ഷേത്രക്കുളം, എസ്.എൻ.ഡി.പി യോഗം പെരിങ്ങര ശാഖയുടെ ഗുരുവാണീശ്വരം കുളം എന്നിവയാണ് നവീകരിച്ചത്.
ചെലവിട്ടത് : 45 ലക്ഷം രൂപ
പെരിങ്ങര ഗുരുവാണീശ്വരം ക്ഷേത്രക്കുളം സമർപ്പണം നാളെ
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരം പെരിങ്ങര ഗുരുവാണിശ്വര ക്ഷേത്രത്തോടനുബന്ധിച്ച് 16 ലക്ഷം രൂപാ ചെലവഴിച്ച് നൂതനമായി കുളം പണികഴിപ്പിക്കുകയുണ്ടായി. ഈ കുളത്തിന്റെ സമർപ്പണം നാളെ വൈകിട്ട് 4ന് രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി.ജെ.കുര്യൻ നിർവ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം സാംഇൗപ്പൻ, പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, ബ്ളോക്ക് മെമ്പർമാരായ ഇൗപ്പൻ കുര്യൻ, പ്രസന്നകുമാരി, വാർഡ് അംഗങ്ങളായ വിലാസിനി ഷാജി, ടി. രാജപ്പൻ, എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ്. ഉഴത്തിൽ, ശാഖാ പ്രസിഡന്റ് ഡി. സുധീഷ്, സെക്രട്ടറി വി.എസ്.സുബി, വൈസ് പ്രസിഡന്റ് കെ. ശശികുമാർ എന്നിവർ പ്രസംഗിക്കും.