കോന്നി : മണ്ഡലകാലം വിളിപ്പാടകലെ എത്തിയിട്ടും കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തെപ്പറ്റി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ അറിഞ്ഞമട്ടില്ല. തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കീറിപ്പറിഞ്ഞ ബോർഡ് പോലും മാറ്റി സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അച്ചൻകോവിൽ വഴി ശബരിമലയ്ക്ക് യാത്രയാകുന്ന നൂറുകണക്കിന് തീർത്ഥാടകരാണ് ഇവിടെയെത്തി വിരിവയ്ക്കുന്നതും വിശ്രമിക്കുന്നതും. ഒരുക്കങ്ങൾ സംബന്ധിച്ച യാതൊരു അറിയിപ്പും ബോർഡ് അധികൃതരിൽ നിന്ന് ക്ഷേത്ര ഭരണസമിതിയ്ക്ക് ലഭിച്ചിട്ടില്ല.
അസൗകര്യങ്ങളുടെ താവളം
രണ്ടു കെട്ടിടങ്ങാണ് വിരിവയ്ക്കാനുള്ളത്. ശുചിമുറികളും ശൗചാലയങ്ങളുമുണ്ട്. എന്നാൽ വൈദ്യുതി കണക്ഷനും ജലവിതരണവും പ്രതിസന്ധിയിലാണ്. അന്നദാനത്തിന് മുൻ വർഷങ്ങളിൽ ദേവസ്വം ബോർഡ് നടപടി സ്വീകരിച്ചിരുന്നെങ്കിലും ഇത്തവണ ഒന്നുമായിട്ടില്ല. കഴിഞ്ഞ വർഷം സന്നദ്ധ സംഘടനകളും അന്നദാനം നടത്തിയിരുന്നു. ഇത്തവണയും അതുണ്ടാകും. ക്ഷേത്ര വളപ്പിലെ കാട് വെട്ടാനും നടപടിയായില്ല. വിശ്രമകേന്ദ്രം അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. പരിസരങ്ങൾ വൃത്തിയാക്കണം.
കോന്നി പഞ്ചായത്തിന്റെ മുന്നൊരുക്കങ്ങൾ
മുന്നൊരുക്കങ്ങളും തുടർ നടപടികളും സ്വീകരിക്കും. തൊഴിലുറപ്പുകാരെ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനം നടത്തും. കുളിക്കടവുകളിൽ ലൈഫ് ഗാർഡുമാരെ നിയോഗിക്കും. താൽക്കാലിക ജല വിതരണവും വൈദ്യുതിയും ലഭ്യമാക്കും. ശുചിമുറികൾ വൃത്തിയാക്കും. ശുദ്ധജലം ഉറപ്പാക്കും. തീർത്ഥാടകർക്ക് കിടക്കകൾ ലഭ്യമാക്കും. സൂചനാ ബോർഡുകൾ സ്ഥാപിക്കും. തകരാറിലായ വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കും. കോന്നി ജംഗ്ഷനിൽ താൽക്കാലിക പൊലീസ് എയ്ഡ്പോസ്റ്റ് സജ്ജമാക്കും.
ഒരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കും
മണ്ഡലകാലത്തിന് മുന്നോടിയായി ഏർപ്പെടുത്തേണ്ട മുന്നൊരുക്കങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. അവലോകന യോഗം ചേരും. വഴിവിളക്കുകളുടെയും ദിശാബോർഡുകളുടെയും അറ്റകുറ്റപ്പണികൾ നടന്നുവരുന്നു. അടുത്ത ദിവസങ്ങളിൽ ലൈഫ് ഗാർഡുകൾക്ക് പരിശീലനം നൽകും.
പ്രവീൺ പ്ലാവിളയിൽ,
വൈസ് പ്രസിഡന്റ്,
കോന്നി ഗ്രാമപഞ്ചായത്ത്