പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിലെ തോൽവി ചർച്ച ചെയ്യാതെ ഡി.സി.സി ജനറൽ ബോഡി യോഗം. ഇന്നലെ നടന്ന രണ്ട് മണിക്കൂർ യോഗം വാർഡ് പുന:സംഘടനയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായ സമരങ്ങളും തീരുമാനിച്ച് പിരിഞ്ഞു. മുതിർന്ന നേതാവ് പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എം.പി മാരായ അടൂർ പ്രകാശും ആന്റോ ആന്റണിയും കെ.പി.സി.സി സെക്രട്ടറി പഴകുളം മധുവും പങ്കെടുത്തില്ല.

കോന്നി സ്ഥാനാർത്ഥി നിർണയത്തിന്റെ പേരിലുളള പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി റോബിൻ പീറ്ററെ ഡി.സി.സി വൈസ് പ്രസിഡന്റായി നിയമിച്ചിരുന്നെങ്കിലും അദ്ദേഹവും ഇന്നലത്തെ യോഗത്തിൽ പങ്കെടുത്തില്ല. കോന്നി ഉപതിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ചർച്ച വേണ്ടെന്ന രാഷ്ട്രീയകാര്യ സമിതിയുടെ പൊതുവികാരം പി.ജെ.കുര്യൻ ഡി.സി.സി ജനറൽ ബോഡിയെ അറിയിച്ചു. പരാജയം അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ വച്ചിട്ടുണ്ടെന്നും സമരങ്ങളും വാർഡ് കമ്മിറ്റി പുന:സംഘടനയുമാണ് യോഗത്തിന്റെ അജണ്ടയെന്നും അതിലൂന്നി വേണം ചർച്ചയെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം ആക്രമിക്കാൻ തയ്യാറെടുപ്പോടെ വന്ന ഡി.സി.സി വിഭാഗവും അടൂർ പ്രകാശ് വിഭാഗവും ഇതോടെ മൗനം പാലിച്ചു.

ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി വിഷയത്തിൽ എെ ഗ്രൂപ്പിൽ ഭിന്നത രൂപപ്പെട്ടിരുന്നു. സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിരുന്ന പഴകുളം മധുവിന്റെ നേതൃത്വത്തിലുളള ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് റോബിൻ പീറ്ററിന്റെ പേര് നിർദേശിച്ച അടൂർ പ്രകാശിന്റെ നിലപാടിനോട് കടുത്ത അതൃപ്തിയുണ്ട്.

ഡി.സി.സി യോഗത്തിൽ അടൂർ പ്രകാശിനെതിരെ എ ഗ്രൂപ്പ്ര് ആരോപണമുന്നയിച്ചാൽ പ്രതിരോധിക്കേണ്ടതില്ലെന്ന് ഇവർ തീരുമാനിച്ചിരുന്നു.