പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നവംബർ 15നകം പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു തീർത്ഥാടന ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.
റോഡുകളുടെ അറ്റകുറ്റപ്പണി ഈമാസം 15നകം പൂർത്തിയാക്കും. പ്ലാപ്പള്ളി​ചാലക്കയം റോഡ്(21.50 കി.മി), കണമല​ഇലവുങ്കൽ റോഡ്(9.9 കി.മി), പ്ലാപ്പള്ളി​ആങ്ങമൂഴി റോഡ്(7 കി.മി), ചേത്തോംങ്കര​അത്തിക്കയം റോഡ്(7 കി.മി), മുക്കട​ഇടമൺ​അത്തിക്കയം(7 കി.മി), പത്തനംതിട്ട റിംഗ് റോഡ്, മൈലപ്ര റോഡ് എന്നിവ നവീകരിക്കും. ചാലക്കയം ​ പമ്പ റോഡിന്റെ അറ്റകുറ്റപ്പണി ദേവസ്വം ബോർഡ് പൂർത്തിയാക്കും. പുനലൂർ​മൂവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണി കെഎസ്ടിപി പൂർത്തിയാക്കും.അയ്യപ്പസേവാ സംഘവുമായി സഹകരിച്ച് ശുചീകരണത്തിനായി പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 900 വിശുദ്ധി സേനാംഗങ്ങളെ ജില്ലാഭരണകൂടം നിയോഗിക്കും. റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ് ഉൾപ്പെടെ തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗ് നടപടികൾ പൂർത്തിയായി. പമ്പ മുതൽ സന്നിധാനം വരെ 16 എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കും. ഇതിന്റെ നിർമാണം ഇന്ന് പൂർത്തിയാകും.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ശുചിമുറികളുടെ ലേലം ഈമാസം 12ന് പൂർത്തിയായില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തും.
നിലയ്ക്കൽ 25 ലക്ഷം ലിറ്റർ കുടിവെള്ളം പ്രതിദിനം ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റി ക്രമീകരണം ഏർപ്പെടുത്തി. സീതത്തോട്, പമ്പ എന്നിവിടങ്ങളിൽ നിന്നും ടാങ്കർ ലോറികളിൽ ഇവിടേക്ക് കുടിവെള്ളം എത്തിക്കും. നിലയ്ക്കൽ പുതുതായി 5000 ലിറ്റർ ശേഷിയുള്ള 16 ടാങ്കുകൾ കൂടി സ്ഥാപിക്കും.
കടവുകളിൽ അപകട മുന്നറിയിപ്പ് ബോർഡുകൾ, വേലികൾ എന്നിവ ഇറിഗേഷൻ വകുപ്പ് സ്ഥാപിക്കും.
പമ്പ​നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി 150 ചെയിൻ സർവീസുകൾ നടത്തും.
വീണാ ജോർജ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, ശബരിമല എഡിഎം എൻഎസ്‌​കെ ഉമേഷ്, പത്തനംതിട്ട എഡിഎം അലക്‌​സ് പി തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യുട്ടി കളക്ടർ ആർ. ബീനാ റാണി തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.