sannidhanam

വ്രതശുദ്ധിയുടെ മണ്ഡലകാലം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. 16ന് വൈകിട്ട് അഞ്ചിന് ശബരിമല നടതുറന്ന് ഭസ്മാഭിഷിക്തനായ ഭഗവാനെ യോഗനിദ്രയിൽ നിന്ന് ഉണർത്തും. ശരണമന്ത്രങ്ങളുമായി ഇരുമുടിക്കെട്ടേന്തിയ ഭക്തപാദങ്ങൾ പതിനെട്ടാംപടി കയറും. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ദർശനം നടത്താമെന്ന സുപ്രീംകോടതി വിധിക്കെതിരെ നൽകിയ അൻപത്തഞ്ച് പുന:പരിശോധന ഹർജികളിൽ വിധി പറഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഇക്കൊല്ലത്തെ തീർത്ഥാടനം തുടങ്ങുന്നത്.

പ്രളയവും യുവതിപ്രവേശന വിധിയെ തുടർന്നുണ്ടായ വിവാദങ്ങളും സംഘർഷങ്ങളുമുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് ദേവസ്വം ബോർഡ് കരകയറിയിട്ടില്ല. കാണിക്ക, വഴിപാട് വരുമാനങ്ങളിൽ വലിയ തോതിൽ ഇടിവുണ്ടായി. ഇത് നികത്താൻ സർക്കാർ പ്രഖ്യാപിച്ച നൂറ് കോടിയിൽ ആദ്യ ഗഡുവായ 35കോടി ഇതുവരെ ബോർഡിന്റെ അക്കൗണ്ടിലെത്തിയില്ല. കഴിഞ്ഞ തീർത്ഥാടന കാലം വ്യാപാരികൾക്കും വൻ നഷ്‌ടമുണ്ടാക്കി. പ്രളയത്തിൽ തകർന്ന കടകൾ പുനർനിർമിച്ച് വന്നപ്പോഴേക്കും യുവതീപ്രവേശനം വിവാദം കത്തിപ്പടർന്നു. സംഘർഷം കാരണം ഭക്തരെ പമ്പയിലും സന്നിധാനത്തും തങ്ങാൻ അനുവദിക്കാതിരുന്നതിനാൽ കച്ചവടം കാര്യമായി നടന്നില്ല. ലേലത്തുക കുറച്ച് നൽകണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇത്തവണ കടകൾ ലേലത്തിൽ എടുക്കാൻ ആരും മുന്നോട്ടു വന്നില്ല. ബോർഡ് ബദൽ മാർഗം തേടുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഇനിയും നടപടി ആയിട്ടില്ല. അടിസ്ഥാന സൗകര്യ വികസനവും അറ്റകുറ്റപ്പണികളും പതിവുപോലെ നടക്കുന്നുണ്ട്.

ഭക്ഷണക്ഷാമത്തിന് സാദ്ധ്യത

തീർത്ഥാടന കാലത്തേക്ക് 30 ശതമാനം കടകൾ മാത്രമാണ് ഇതുവരെ ലേലത്തിൽ പോയിട്ടുളളത്. സന്നിധാനത്ത് പൊലീസ് ബാരക്കിന് സമീപത്തെയും പാണ്ടിത്താവളത്തെയും രണ്ട് ഹോട്ടലുകൾ മാത്രമാണ് ലേലം കൊണ്ടത്. ആകെ 12ഹോട്ടലുകളാണ് ഇവിടെയുളളത്. സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് ദേവസ്വം ബോർഡും സന്നദ്ധ സംഘടനകളും നടത്തുന്ന അന്നദാനം മതിയാവില്ല. ഒരുദിവസം പരമാവധി 40000പേർക്കാണ് സന്നിധാനത്ത് അന്നദാനം നൽകുന്നത്.

തിരക്കേറുന്ന ദിവസങ്ങളിൽ ഒരു ദിവസം രണ്ടുലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്ത് എത്താറുണ്ടെന്നാണ് കണക്ക്. ഭൂരിഭാഗം അയ്യപ്പൻമാരും ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് സന്നിധാനത്ത് ഭക്തരെ മൂന്ന് മണിക്കൂറിൽ കൂടുതൽ തങ്ങാൻ പൊലീസ് അനുവദിക്കാതിരുന്നത് കാരണം കടകളകളിൽ മുൻ വർഷത്തേക്കാൾ അൻപത് ശതമാനത്തോളം കുറവാണ് കച്ചവടം നടന്നതെന്ന് വ്യാപാരികൾ പറയുന്നു. 68 ലക്ഷവും 50ലക്ഷവും നഷ്ടം നേരിട്ട വ്യാപാരികളുണ്ട്. മുൻവർഷത്തെ ലേലത്തുക പൂർണമായി അടയ്ക്കാത്തവരെ ഇത്തവണത്തെ ലേലത്തിൽ പങ്കെടുപ്പിച്ചിട്ടുമില്ല. പൊലീസ് നിയന്ത്രണം കാരണം പമ്പയിലെയും സന്നിധാനത്തേക്കുളള ശരണപാതയിലെയും മിക്ക കടകളും അടഞ്ഞു കിടക്കുകയായിരുന്നു. നിയന്ത്രണം ഇക്കൊല്ലവും തുടരണമോ എന്ന കാര്യം പൊലീസ് തീരുമാനിച്ചിട്ടില്ല. കഴിഞ്ഞവർഷം മലകയറാൻ പമ്പ വരെയെത്തിയ മനീതിസംഘം ഇത്തവണയും എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർക്കെതിരെ പ്രതിരോധമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്.

ലേലത്തുക കുറയ്ക്കണമെന്ന് വ്യാപാരികൾ

തറവാടക കുറച്ചാൽ സന്നിധാനത്തെയും പമ്പയിലെയും കടകൾ ലേലത്തിലെടുക്കാൻ തയ്യാറാണെന്ന് വ്യാപാരികൾ പറയുന്നു. സന്നിധാനത്ത് 1.87 കോടി രൂപയ്ക്ക് ലേലംകൊണ്ട കടയുടെ തറവാടക ഇത്തവണ 1.63കോടിയായി ദേവസ്വം ബോർഡ് കുറച്ചെങ്കിലും ലേലം കൊളളാൻ ആരുമുണ്ടായിരുന്നില്ല. പമ്പയിലെ ആറ് കടകളിൽ 20 ലക്ഷം മുതൽ 2.17കോടി വരെ തറവാടകയുളള നാലുകടകൾ ലേലത്തിൽ പോയിട്ടുണ്ട്. പ്രധാന ഇടത്താവളമായ നിലയ്‌ക്കലിലെ എല്ലാ കടകളും ലേലത്തിൽ പോയി. കഴിഞ്ഞ തീർത്ഥാടന കാലത്ത് ഭക്തരെ നിലയ്‌ക്കലിൽ ഇറക്കി പമ്പയിലേക്ക് കെ.എസ്.ആർ.ടി. സി ബസുകളിലാണ് എത്തിച്ചിരുന്നത്. നിലയ്‌ക്കലിൽ ഭക്ഷണം കഴിക്കാനും വിശ്രമത്തിനും വിപുലമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നതിനാൽ വ്യപാരികൾക്ക് ലാഭം ലഭിച്ചിരുന്നു.

പമ്പയിലും സന്നിധാനത്തും ഇത്തവണ ലേലം പോകാത്ത കടകൾ കൺസ്യൂമർ ഫെഡിനെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡിൽ ആലോചനയുണ്ട്.

നാളികേര നീക്കം പ്രതിസന്ധിയിലാകും

പതിനെട്ടാം പടിയ്‌ക്ക് സമീപം അയ്യപ്പൻമർ എറിഞ്ഞുടയ്‌ക്കുന്ന നാളികേരം നീക്കം ചെയ്യുന്നതിന് ഇത്തവണ ലേലം കൊളളാൻ ആരുമെത്തിയില്ല. കഴിഞ്ഞ വർഷം 6.36കോടിക്കാണ് ലേലം പോയത്. തീർത്ഥാടകർ കുറഞ്ഞതിനാൽ കരാറുകാരന് വലിയ നഷ്‌ടം നേരിട്ടു. അടച്ച തുകയിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് കരാറുകാരന് നാളികേരം വിറ്റ് കിട്ടിയത്. 24മണിക്കൂറും ജോലിചെയ്ത തൊഴിലാളികൾക്ക് കൂലി നൽകാൻ പോലും ഇത് തികഞ്ഞില്ല. ഇത്തവണ ലേലത്തുക 6.14കോടിയായി കുറച്ചെങ്കിലും ആളെത്തിയില്ല. ലേലം പോയില്ലെങ്കിൽ നാളികേര നീക്കം പ്രതിസന്ധിയിലാകും. ദേവസ്വം ബോർഡ് നേരിട്ട് നാളികേരം നീക്കേണ്ടി വരും.

പുഷ്പാഭിഷേകം വരുമാനം ഇടിഞ്ഞു

തീർത്ഥാടകരുടെ കുറവ് കാരണം കഴിഞ്ഞ വർഷത്തെ പുഷ്പാഭിഷേകത്തിന്റെ എണ്ണം കുറഞ്ഞിരുന്നു. തമിഴ്നാട്, ആന്ധ്ര തീർത്ഥാടകരാണ് പ്രധാനമായും പുഷ്പാഭിഷേകം നടത്തുന്നത്. ഭഗവാനുളള പൂവ്, മാല, കിരീടം എന്നിയാണ് വഴിപാടുകൾ. കഴിഞ്ഞ വർഷം1.48 ലക്ഷം രൂപയ്ക്കാണ് ലേലം നടന്നത്. ഇത്തവണ ഇതുവരെ ലേലം നടന്നില്ല. ഒരു ദിവസം ആറ് വഴിപാടെങ്കിലും നടന്നാൽ മാത്രമേ കരാറുകാരന് ലാഭമുണ്ടാകൂ.