nilakkal-
നിലയ്ക്കലിൽ പുതിയ വിശ്രമകേന്ദ്രത്തിന്റെ നിർമാണം

പ്രളയം പമ്പയിലെ കെട്ടിടങ്ങൾക്ക് നാശമുണ്ടാക്കിയതോടെ നിലയ്‌ക്കലിലേക്ക് ബേസ് ക്യാമ്പ് മാറ്റിയ പരീക്ഷണം വിജയമായെന്നാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിലയിരുത്തൽ. ദീർഘകാലാടിസ്ഥാനത്തിൽ നിലയ്‌ക്കൽ പ്രധാന ഇടത്താവളമാക്കാനുള്ള പദ്ധതികൾ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. പാർക്കിംഗ് വിപുലപ്പെടുത്തിയെങ്കിലും കാര്യമായ നിർമാണമൊന്നും നടന്നില്ല. സ്ഥിരം കുടിവെള്ള സംവിധാനവും അയ്യപ്പന്മാർക്ക് താമസസൗകര്യവും ഒരുക്കേണ്ടതുണ്ട്. നിലയ്‌ക്കലിലേക്ക് വെള്ളമെത്തിക്കാൻ 104 കോടിയുടെ സീതത്തോട് കുടിവെള്ള പദ്ധതിക്ക് ടെൻഡർ വിളിക്കാൻ തീരുമാനമായത് അടുത്തിടെയാണ്. എന്നാൽ, സീതത്തോട്ടിൽ നിന്ന് ഉൾവനത്തിലൂടെ പൈപ്പ് ലൈനിന് വനംവകുപ്പിന്റെ അനുമതി വലിയ കടമ്പയാണ്.

പമ്പയിലെ നിർമാണങ്ങൾക്കും വനംവകുപ്പിന്റെ തടസങ്ങളുണ്ട്. സന്നിധാനത്തേക്ക് ചരക്കെത്തിക്കാൻ പമ്പയിൽ നിന്ന് റോപ് വേ നിർമിക്കാനുളള ദേവസ്വം ബോർഡിന്റെ പദ്ധതിയെ വനംവകുപ്പ് എതിർക്കുന്നു. വനത്തിലൂടെ റോപ്പ് വേയ്ക്ക് കോൺക്രീറ്റ് നിർമിക്കാൻ അനുമതി നൽകിയില്ല. സാമ്പിൾ പരിശോധനയ്‌ക്ക് മണ്ണെടുപ്പും അനുവദിച്ചില്ല.

പമ്പയിൽ നിർമിക്കുന്ന കുളിക്കടവിൽ ടൈൽ പാകാൻ വനംവകുപ്പ് അനുമതി നൽകി. തൊട്ടടുത്തായി തണൽമരങ്ങൾക്ക് ചുറ്റും തീർത്ഥാടകർക്ക് വിശ്രമിക്കാനായി നിർമിച്ച വൃക്ഷത്തറയിൽ ടൈൽ പാകുന്നതിനെ എതിർത്തു. എല്ലാ പദ്ധതികൾക്കും കേന്ദ്ര വനം - പരിസ്ഥതി നിയമത്തിന്റെ പേരിൽ വനംവകുപ്പ് തടസം നിൽക്കുന്നുവെന്നാണ് ദേവസ്വം ബോർഡിന്റെ ആക്ഷേപം. ശബരിമല പെരിയാർ ടൈഗർ റിസർവ് വനത്തിൽ ഉൾപ്പെ‌ടുന്നതിനാൽ കേന്ദ്രാനുമതി വേണമെന്നാണ് വനംവകുപ്പിന്റെ നിലപാട്.

ഏറെക്കാലത്തെ തർക്കങ്ങൾക്കൊടുവിലാണ് ശബരിമലയിലെ 94ഏക്കർ സ്ഥലം ദേവസ്വം ബോർഡിന്റേതാണെന്ന് വനംവകുപ്പ് അംഗീകരിച്ചത്. ഇതിനായി സംയുക്ത സർവേ നടത്തിയിരുന്നു.

റോഡ് പണിപൂർത്തിയാകുന്നു

ഒക്ടോബർ രണ്ടാംവാരത്തിൽ നടക്കേണ്ട റോഡുനിർമാണം ഇൗ മാസം ആദ്യമാണ് ആരംഭിച്ചത്. ഉദ്യോഗസ്ഥ തലത്തിലെ പതിവ് മെല്ലെപ്പോക്കിനൊപ്പം വനമേഖലയിലെ കനത്തമഴയും നിർമാണപ്രവർത്തനങ്ങളെ തടസപ്പെടുത്തി. പ്ലാപ്പള്ളി - ചാലക്കയം റോഡ് (21.50 കി.മി), കണമല - ഇലവുങ്കൽ റോഡ് (9.9 കി.മി), പ്ലാപ്പള്ളി - ആങ്ങമൂഴി റോഡ് (7 കി.മി), പത്തനംതിട്ട റിംഗ് റോഡ്, മൈലപ്ര റോഡ് എന്നിവയുടെ നവീകരണം അന്തിമഘട്ടത്തിലാണ്. ചാലക്കയം - പമ്പ റോഡിന്റെ അറ്റകുറ്റപ്പണി ദേവസ്വം ബോർഡ് പൂർത്തിയാക്കും. പുനലൂർ - മൂവാറ്റുപുഴ റോഡിന്റെ അറ്റകുറ്റപ്പണി കെ.എസ്.ടി.പിയാണ് നടത്തുന്നത്. റോഡുകളിൽ സൂചനാ ബോർഡുകളും ക്രാഷ് ബാരിയറുകളും റിഫ്‌ളക്ടറുകളും പൊതുമരാമത്ത് നിരത്തു വിഭാഗം സ്ഥാപിക്കും.

900 വിശുദ്ധി സേനാംഗങ്ങൾ

അയ്യപ്പസേവാ സംഘവുമായി സഹകരിച്ച് ശുചീകരണത്തിനായി പമ്പ, നിലയ്‌ക്കൽ, സന്നിധാനം എന്നിവിടങ്ങളിലായി 900 വിശുദ്ധി സേനാംഗങ്ങളെ ജില്ലാഭരണകൂടം നിയോഗിക്കും. സേനാംഗങ്ങൾക്ക് ഇത്തവണ പുതിയ യൂണിഫോം നൽകും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ഏകോപനത്തിനുമായി നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുടങ്ങും.
കാനനപാതയിലെ ശുചീകരണത്തിനായി ളാഹ മുതൽ പമ്പ വരെയും കണമല മുതൽ ഇലവുങ്കൽ വരെയും 30 ഇക്കോ ഗാർഡുകളെ വനംവകുപ്പ് നിയോഗിക്കും. ളാഹ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ റോഡിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ എലിഫന്റ് സ്‌ക്വാഡുകളെ നിയമിക്കും. ളാഹയിലും കണമലയിലും
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ്, ശുചിത്വമിഷൻ, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് തീർത്ഥാടകർക്ക് പ്ലാസ്റ്റിക് കവറുകൾക്ക് പകരം തുണിസഞ്ചി വിതരണം ചെയ്യും. സന്നിധാനത്ത് വനംവകുപ്പിന്റെ ഓഫ് റോഡ് ആംബുലൻസ് സേവനം ലഭ്യമാക്കും.

800 ആരോഗ്യ പ്രവർത്തകർ

ഡോക്ടർമാരുൾപ്പെടെ 800 ആരോഗ്യ പ്രവർത്തകരെ നിലയ്‌ക്കൽ, സന്നിധാനം, പമ്പ എന്നിവിടങ്ങളിലായി ആരോഗ്യവകുപ്പ് നിയോഗിക്കും. സന്നിധാനത്തും പമ്പയിലും പത്തുവീതവും അപ്പാച്ചിമേട്, നീലിമല, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ആറുവീതവും ഡോക്‌ടർമാരെ നിയോഗിക്കും. സന്നിധാനം, പമ്പ, അപ്പാച്ചിമേട്, നീലിമല, പത്തനംതിട്ട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ കാർഡിയോളജിസ്റ്റുണ്ടാവും. ഫിസിഷ്യൻമാരുടെയും അസ്ഥിരോഗ വിദഗ്ദരുടെയും സേവനം ലഭ്യമാക്കും. ഹോട്ടലുകളിലും കടകളിലും ജോലിയ്‌ക്കെത്തുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പമ്പ മുതൽ സന്നിധാനം വരെ 16 എമർജൻസി മെഡിക്കൽ സെന്ററുകൾ സജ്ജമാക്കും.

( തുടരും )