ചിരിക്കാത്ത ദൈവമോ..? ദൈവമേ..!.

ഫാ.തോമസ് പി.മുകളിലിന്റെ പുസ്തകത്തിന്റെ പേരാണിത്. പള്ളിക്കാര്യങ്ങളെ ആക്ഷേപഹാസ്യത്തോടെ അവതരിപ്പിക്കുകയാണ് ഇൗ പുസ്തകത്തിൽ. സാമൂഹ്യവിമർശനത്തിലും ആത്മ വിമർശനത്തിലും ചിരിയുടെ മേമ്പൊടിയുണ്ട്. പത്തനംതിട്ട ജില്ലയിലെ കൂടലുകാരനാണ് മുകളിലച്ചൻ.

ചിരിക്കാത്ത ദൈവമുണ്ടോ എന്നൊരു ചോദ്യം മുകളിലച്ചനെപ്പോലെ വായനക്കാരും ചോദിച്ചുപോകും. ചിരിക്കാൻ കഴിവുള്ള ഏക ജീവി മനുഷ്യനാണ്. മനുഷ്യനെ സൃഷ്ടിച്ചതെന്ന് നമ്മൾ വിശ്വസിക്കുന്ന ദൈവം അപ്പോൾ തീ‌ർച്ചയായും ചിരിയെ ഇഷ്ടപ്പെടുന്നുണ്ടാകും.

പക്ഷേ ആദ്ധ്യാത്മികമായ ഇടങ്ങളിൽ ചിരിക്ക് വലിയ പ്രാധാന്യമില്ല. ഫലിതം പറയുന്ന പുരോഹിതരും ആദ്ധ്യാത്മിക പ്രഭാഷകരും കുറയും.

ആക്ഷേപഹാസ്യത്തിന്റെ അകമ്പടിയോടെ ആദ്ധ്യാത്മിക രംഗത്തെ വിമർശിക്കുന്നവരിൽ മുമ്പനും നമ്മുടെ നാട്ടുകാരൻ തന്നെയാണ്. മാർത്തോമാ സഭയുടെ വലിയ മെത്രോപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം. നർമ്മത്തിന്റെ മർമ്മത്തിൽ തൊടാതെ ക്രിസോസ്റ്റത്തിന്റെ ഒരു സംഭാഷണവും ഉണ്ടായിട്ടില്ലെന്ന് പറയാം.

ക്രൈസ്തവ പുരോഹിതരുടെയും വിശ്വാസികളുടെയും തന്റെ തന്നെയും കാപട്യങ്ങളെയും പൊള്ളത്തരങ്ങളെയും അവതരിപ്പിക്കാൻ അദ്ദേഹം കൂട്ടുപിടിക്കുന്നത് ന‌ർമ്മത്തെയാണ്. അതുകൊണ്ടുതന്നെ വലിയൊരു സദസുണ്ടാകും കേൾവിക്കാരായി. വിമർശനത്തിന് വിധേയമാകുന്നവരും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് ചിരിച്ചുപോകും.

ചിരിയിലൂടെ ചിന്തയെ സമീപിക്കാനുള്ള ഇൗ കഴിവിലൂടെ ക്രിസോസ്റ്റം ആ‌ർജ്ജിച്ചത് ജാതി മത ഭേദങ്ങൾക്കപ്പുറത്തുള്ള ജനകീയതയാണ്. മാർത്തോമാ സഭയുടെ നേതൃസ്ഥാനത്ത് ഇരിക്കുമ്പോൾത്തന്നെ മറ്റുള്ളവയുടെ കാഴ്ചപ്പാടുകളെ വിശാലമനസോടെ സമീപിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. നർമ്മം ആസ്വദിക്കാനും പറയാനുമുള്ള കഴിവിലൂടെ അദ്ദേഹം സർവരുടെയും ആദ്ധ്യാത്മിക നേതാവാകുകയായിരുന്നു.

എല്ലാ മത മേലദ്ധ്യക്ഷൻമാരുമായും അദ്ദേഹത്തിന് ആത്മബന്ധമുണ്ട്. രാഷ്ട്രീയ നേതാക്കൾ ആത്മസുഹൃത്തുക്കളാണ്. സമ്പന്നർക്കും ദരിദ്രർക്കും ക്രിസോസ്റ്റത്തിന് മുന്നിൽ ഒരേ നിരയിലാണ് സ്ഥാനം.

ജാതിയും മതവും മനുഷ്യബന്ധങ്ങളിൽ കൂറ്റൻ മതിൽ സൃഷ്ടിക്കുന്ന ഇക്കാലത്ത് ക്രിസോസ്റ്റത്തിന്റെ സാമിപ്യം സമൂഹത്തിന് നൽകുന്ന ആശ്വാസം ചെറുതല്ല. മാരാമണ്ണാണ് അദ്ദേഹത്തിന്റെ വാസം. പമ്പാനദിയുടെ ഒരുകരയിൽ മരാമണും മറുകരയിൽ ആറൻമുളയും. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളംകളി കണ്ടും വഞ്ചിപ്പാട്ട് കേട്ടുമാണ് അദ്ദേഹം വളർന്നത്. മെത്രാപ്പോലീത്തയായപ്പോഴും അദ്ദേഹം അവയിലൊക്കെ പങ്കെടുത്തിട്ടുണ്ട്. വഞ്ചിപ്പാട്ട് പാടാൻ കൂടിയിട്ടുണ്ട്. ഹൈന്ദവ ക്ഷേത്രങ്ങളിലും മുസ്ളീം പള്ളികളിലും പല ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. മതസൗഹാർദ്ദത്തിന്റെ പുതിയൊരു മാനം തീർക്കുകയായിരുന്നു ആ ഒത്തുചേരലുകളിലൂടെ ക്രിസോസ്റ്റം.

ഇടുങ്ങിയ ചിന്തകളുടെ ദുർമേദസുകളെ പാടേനശിപ്പിക്കാൻ ചിരിയുടെ ഉൗർജ്ജത്തിന് കഴിയും. നർമ്മബോധത്തോടെ വസ്തുതകളെ നോക്കിക്കാണുന്നതിലൂടെ മനസ് വിശാലമാകും. ക്രിസോസ്റ്റത്തിന്റെ ജീവിതം ഇതാണ് തെളിയിക്കുന്നത്.

ചിരിക്കാത്ത ദൈവങ്ങളില്ലെന്ന് പറഞ്ഞുതരുന്ന അദ്ദേഹം ചിരിയിലൂടെ എല്ലാവരും അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കുകയാണ്.