sabarimala

പ​ത്ത​നം​തിട്ട :ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് അർപ്പണ മനോഭാവത്തോടെ ഉദ്യോഗസ്ഥർ സേവനം ചെയ്യണമെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സംബന്ധമായ അവബോധം നൽകുന്നതിന് സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ. ശബരിമല ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്ഥർ പലമതങ്ങളിലും പല വിഭാഗങ്ങളിലും രാഷ്ട്രീയ ചിന്താഗതികളിലും ആചാര അനുഷ്ഠാനങ്ങളിലും ഉൾപ്പെട്ടവരാകാം. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയ്യപ്പ ദർശനം ഏറ്റവും സുഗമമായി നടത്തുകയെന്ന ലക്ഷ്യത്തോടെ എത്തുന്ന ഭക്തർക്ക് ആവശ്യമായ സേവനം നൽകേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയും കർത്തവ്യവുമാണ്. ഉദ്യോഗസ്ഥർ തങ്ങളിൽ നിക്ഷിപ്തമായ ജോലി ക്യത്യമായി നിർവഹിക്കാൻ ബാധ്യസ്ഥരാണ്. തീർത്ഥാടകർ ഏതെങ്കിലും തരത്തിലുളള സഹായം അഭ്യർത്ഥിച്ചാൽ നിർദിഷ്ട ജോലിയിൽ ഉൾപ്പെട്ടതല്ലെങ്കിലും ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറരുത്. ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോട് ചേർന്ന് ഭക്തരെ സഹായിക്കാനുളള സന്മനസ് ഉദ്യോഗസ്ഥർ കാട്ടണമെന്നും കളക്ടർ പറഞ്ഞു.
സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇവരെ പരാതിരഹിതമായ തരത്തിൽ ഉപയോഗിക്കേണ്ടതും ജോലി ചെയ്യിക്കേണ്ടതും ബന്ധപ്പെട്ട മേലധികാരികളുടെ കർത്തവ്യമാണ്. ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥരിൽ ഏതെങ്കിലും വിധത്തിലുളള ദുശീലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ദർശനത്തിനെത്തുന്ന തീർത്ഥാടകരോട് ഉദ്യോഗസ്ഥർ മാന്യമായും, സൗഹൃദത്തോടും പെരുമാറണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ശബരിമല എ.ഡി.എം എൻ.എസ്.കെ. ഉമേഷ് പറഞ്ഞു.വിവിധ സ്​ക്വാഡുകളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സമാധാന സേനയായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു
ശബരിമല ഡ്യൂട്ടി അയ്യപ്പൻ നൽകിയ ഭാഗ്യ നിയോഗമായിട്ടാണ് കാണുന്നതെന്നും തീർത്ഥാടനം സുഗമമാക്കാൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുമെന്നും സബ്കളക്ടർ ഡോ.വിനയ്‌​ഗോയൽ പറഞ്ഞു.
വിവിധ ജില്ലകളിൽ നിന്നുളള 710 ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. യോഗത്തിൽ പത്തനംതിട്ട എ.ഡി.എം അലക്​സ്.പി.തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ബീനാ റാണി,അടൂർ ആർ.ഡി.ഒ പി.ടി. ഏബ്രഹാം, ജില്ലാ സപ്ലൈ ഓഫീസർ എം.എസ് ബീന, ജില്ലാ വനിതാ ക്ഷേമ ഓഫീസർ കെ.ആർ സുജാത എന്നിവരും, വിവിധ വകുപ്പു മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.