മല്ലപ്പള്ളി:കാർഷിക ഗ്രാമവികസന ബാങ്കിന്റെ ആഭിമുഖ്യത്തിൽ കല്ലൂപ്പാറ പഞ്ചായത്തിലെ കർഷകർക്കായി കർഷക കൂട്ടായ്മയും വായ്പാ മേളയും നടന്നു. ബാങ്ക് പ്രസിഡന്റ് ഡോ.സജി ചാക്കോ വായ്പാ മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുരേഷ് ബാബു പാലാഴി അദ്ധ്യക്ഷനായിരുന്നു. കർഷകർക്ക് വിവിധ വായ്പകൾ ലഭ്യമാകുന്ന വിവരവും പന്നി വളർത്തൽ, പോത്ത് വളർത്തൽ, കോഴി വളർത്തൽ, തുടങ്ങിയവ സബ്‌സിഡിയോടു കൂടി കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്ന് ലഭ്യമാണെന്ന വിവരം ബാങ്ക് പ്രസിഡണ്ട് യോഗത്തിൽ അറിയിച്ചു. കുറഞ്ഞ പലിശ നിരക്കിൽ കാർഷിക വായ്പകൾ നൽകുന്നതാണെന്നും ഭവനനിർമ്മാണത്തിനും വാഹനം വാങ്ങുന്നതിനും മറ്റുമുള്ള നിരവധി ലോണുകൾ ഈ ബാങ്കിൽ നിന്നും ലഭ്യമാണെന്നും വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ടുവെന്ന് പ്രവാസികൾക്കായി നോർക്ക റൂട്ടും ബാങ്കിംഗ് ചേർന്ന് മൂന്നുലക്ഷം രൂപ സബ്‌സിഡിയോടു കൂടി സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള വായ്പകൾ നൽകും. പഞ്ചായത്ത് അംഗങ്ങളായ എം.ജെ. ചെറിയാൻ, മോളിക്കുട്ടി, ഡെയ്‌സി, ബാങ്ക് സെക്രട്ടറി എസ്. രാധാശ്രീ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.പി. ഭാസ്‌കരൻ, തോമസ് തുരുത്തിപ്പള്ളി, ജി.സതീഷ് ബാബു, എന്നിവർ പ്രസംഗിച്ചു. അഗ്രികൾച്ചർ ഓഫീസർ ആതിരയുടെ നേതൃത്വത്തിൽ നടന്ന ചർച്ചക്ക് ശേഷം കല്ലൂപ്പാറ പഞ്ചായത്ത് പരിധിയിൽ കർഷക സമിതി രൂപീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് അംഗം എം.ജെ ചെറിയാൻ കൺവീനറായി കമ്മിറ്റി രൂപീകരിച്ചു. മുൻ പഞ്ചായത്ത് അംഗങ്ങളായ റെജി ഫിലിപ്പ്, എ.ജി. സുരേന്ദ്ര പെരുമാൾ എന്നിവരും കെ.പി കുട്ടപ്പൻ, സി.സി. രാജു, കെ.ടി തോമസ്, ഉത്തമ പണിക്കർ, കെ. ഗിരിജ, ബെന്നി സക്കറിയ, സാജു സ്‌കറിയാ തുടങ്ങിയവർ പ്രസംഗിച്ചു.