>> ഡോക്ടറെ സ്ഥലംമാറ്റിയിട്ട് രണ്ടാഴ്ച കഴിഞ്ഞു
>> ദിവസേന വന്നുകൊണ്ടിരുന്നത് നൂറിലധികം രോഗികൾ
>> 12രോഗികൾക്ക് കിടത്തി ചികിത്സ
പത്തനംതിട്ട : കേരളത്തിലെ ആദ്യ ജില്ലാ പാലിയേറ്റീവ് യൂണിറ്റിന്റെ പ്രവർത്തനം നിലച്ചു. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് സെന്ററാണ് ഡോക്ടർ ഇല്ലാത്തതുകാരണം പ്രതിസന്ധിയിലായത്. ജില്ലാ ആശുപത്രിയിലെ ഒാങ്കോളജിസ്റ്റും പാലിയേറ്റീവ് കെയറിന്റെ ചുമതല വഹിച്ചിരുന്നയാളുമായ ഡോ. കെ.ആർ. ദീപുവിനെ രണ്ടാഴ്ച മുൻപ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. പകരം ഡോക്ടറെ നിയമിക്കാതിരുന്നതോടെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനം താറുമാറായത്.
ദിവസേന നൂറിലധികം കാൻസർ, പക്ഷാഘാത രോഗികളാണ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ എത്തുന്നത്. ഒരേ സമയം അഞ്ച് രോഗികൾക്ക് കീമോതെറാപ്പി ചെയ്തിരുന്നു. രോഗമൂർദ്ധന്യാവസ്ഥയിലുളള 12രോഗികൾ ദിവസേനയെത്തുമായിരുന്നു. സൗജന്യമായാണ് ചികിത്സ. ഡോക്ടർ ഇല്ലാതെ വന്നതോടെ സ്വകാര്യ ആശുപത്രികളിൽ ആയിരക്കണക്കിന് രൂപ മുടക്കി ചികിത്സ തുടരേണ്ട ദുരവസ്ഥയിലാണ് രോഗികൾ.
ഏറെ ആശ്വാസം, സഹായകരം
2011ലാണ് പാലിയേറ്റീവ് കെയർ സെന്റർ പ്രവർത്തനം തുടങ്ങിയത്. 2015ൽ കീമോതെറാപ്പി തുടങ്ങി. ജില്ലയിലെ ഏക അംഗീകൃത പാലിയേറ്റീവ് പരിശീലന കേന്ദ്രവും ഇവിടെ പ്രവർത്തിച്ചുവരുന്നു. കാൻസർ രോഗികൾ അടക്കമുള്ള പാലിയേറ്റീവ് പരിചരണത്തിലുള്ള ജില്ലയിലെ 53 പഞ്ചായത്തിലെയും 4 മുനിസിപ്പാലിറ്റിയിലേയും പ്രൈമറി, സെക്കന്ററി യൂണിറ്റുകളുടെയും റെഫറൻസ് സെന്റർ ആണിത്. 12 രോഗികൾക്ക് കിടത്തിചികിത്സാ സൗകര്യം, ഡോക്ടർമാർക്കും നഴ്സുമാർക്കുമുളള സർട്ടിഫിക്കറ്റ് കോഴ്സ് പരിശീലന കേന്ദ്രം, ഗൃഹ കേന്ദ്രീകൃത പരിചരണം എന്നിവ ഈ യൂണിറ്റിലൂടെ നൽകിവന്നിരുന്നു. പ്രതിമാസം 1000ത്തിലധികം രോഗികൾക്കാണ് പാലിയേറ്റീവ് കെയർ സെന്ററിന്റെ സേവനം ലഭിച്ചിരുന്നത്.
>>
'' പാലിയേറ്റീവ് കെയർ യൂണിറ്റിൽ ഒാങ്കോളജിസ്റ്റിനെ ഉടൻ നിയമിക്കും. ഡോക്ടറെ ലഭിച്ചില്ലെങ്കിൽ പരിശീലനം നേടിയവരെ നിയമിച്ച് യൂണിറ്റിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകും.
ജില്ലാ മെഡിക്കൽ ഒാഫീസർ.