പത്തനംതിട്ട: മഴയ്ക്ക് മുന്നോടിയായി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ റോഡരുകിൽ നിന്നിരുന്ന വാകമരം കത്തിയെരിഞ്ഞ് വാഹനങ്ങൾക്ക് മുകളിലേയ്ക്ക് പതിച്ചു. മൈലപ്ര ജംഗ്ഷനിൽ റോയൽ പെട്രോൾ പമ്പിന് സമീപത്ത് നിന്ന മരമാണ് ഇന്നലെ വൈകിട്ട് 4.30ന് ഉണ്ടായ ഇടിമിന്നലിൽ കത്തിയെരിഞ്ഞത്. വൃക്ഷ ശിഖരങ്ങൾ സമീപത്ത് നിറുത്തിയിട്ടിരുന്ന സ്‌കൂൾ ബസിനു മുകളിലും ഇതു വഴി കടന്നു വന്ന സ്വകാര്യ ബസിലേക്കും പതിക്കുകയായിരുന്നു. ഇരുവാഹനങ്ങൾക്കും ചില്ലുകൾ തകർന്നു. വൃക്ഷത്തിെന്റെ ശിഖരങ്ങൾ പ്രധാന പാതയിലേയ്ക്കും ചിതറി തെറിച്ചു. സമീപത്ത് തന്നെയാണ് പെട്രാൾ പമ്പ് പ്രവർത്തിക്കുന്നെങ്കിലും ഇവിടേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. മഴയില്ലാതെയാണ് ഇടിമിന്നൽ ഉണ്ടായത്. പമ്പിന്റെ വൈദ്യുതി ഉപകരണങ്ങൾ ഉൾപ്പെടെ തകരാറിലായതിനെ തുടർന്ന് പമ്പിന്റെ പ്രവർത്തനവും മുടങ്ങി. സമീപത്തെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾക്കും നാശം ഉണ്ടായിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിലെ കമ്പ്യൂട്ടർ ഉൾപ്പെടെ തകരാർ സംഭവിച്ചു.