അയ്യപ്പൻമാർക്ക് നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. പാർക്കിംഗിന് കൂടുതൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 15000 വാഹനങ്ങൾക്കാണ് പാർക്കിംഗ് സൗകര്യമുള്ളത്. ഇവിടെ 20000 മീറ്റർ സ്‌ക്വയർ സ്ഥലം കൂടി ഏറ്റെടുത്തിട്ടുണ്ട്. ആകെ 17 പാർക്കിംഗ് ഗ്രൗണ്ടുകളുണ്ട്.
നിലയ്ക്കൽ 75 ലക്ഷം ലിറ്റർ കുടിവെള്ളം പ്രതിദിനം ലഭ്യമാക്കുന്നതിന് വാട്ടർ അതോറിറ്റി ക്രമീകരണം ഏർപ്പെടുത്തി.പുതുതായി 5000 ലിറ്റർ ശേഷിയുള്ള 16 ടാങ്കുകൾ കൂടി സ്ഥാപിക്കും. അറ്റകുറ്റപ്പണികളെല്ലാം പൂർത്തിയാക്കിയെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. നിലയ്ക്കൽ 130 കുടിവെള്ള കിയോസ്‌കുകൾ ആദ്യഘട്ടത്തിൽ സ്ഥാപിക്കും. ആവശ്യം വന്നാൽ ഉപയോഗിക്കുന്നതിന് 170 കിയോസ്‌കുകൾ കരുതിയിട്ടുണ്ട്. ചൂടുവെള്ളവും തണുപ്പു വെള്ളവും ലഭ്യമാക്കുന്ന 12 ഡിസ്‌പെൻസറുകൾ സ്ഥാപിക്കും. അധികമായി 10 എണ്ണം കരുതിയിട്ടുണ്ട്. നിലയ്ക്കലിൽ 970 ടോയ്ലറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്.
210 ചെയിൻ സർവീസുകൾ
നിലയ്ക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി 210 ചെയിൻ സർവീസുകൾ നടത്തും. 150 നോൺ എ.സി ലോഫ്ളോർ ബസുകൾ, 50 എ.സി ലോഫ്ളോർ ബസുകൾ, 10 എ.സി ഇലക്ട്രക് ബസുകൾ എന്നിവയാണ് സർവീസ് നടത്തുന്നത്.
പമ്പയിലേക്കും തിരിച്ച് നിലയ്ക്കലേക്കുമുളള ടിക്കറ്റ് നിരക്ക് ഒന്നിച്ചാണ് കഴിഞ്ഞ സീസണിൽ ഇൗടാക്കിയിരുന്നത്. ഇത് വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. ദർശനം കഴിഞ്ഞ് നിലയ്ക്കലിലേക്ക് പോകാൻ പമ്പയിലെത്തിയ നോൺ എ.സി ടിക്കറ്റ് എടുത്ത തീർത്ഥാടകരെ എ.സി. ബസുകളിൽ കയറ്റി അധിക ചാർജ് ഇൗടാക്കിയതിനെതിരെ പ്രതിഷേധമുയരുകയുണ്ടായി.
ദീർഘദൂര സർവീസ് നടത്തുന്നതിന് സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ 75 ബസുകൾ പമ്പയിലെത്തിക്കും.
എല്ലാ ജില്ലകളിൽ നിന്നും പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സ്പെഷ്യൽ സർവീസുകൾ ആരംഭിക്കും.
ഇത്തവണ കാറുകൾ ഉൾപ്പെടെയുളള ചെറു വാഹനങ്ങൾ പമ്പ വരെ പോകാൻ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീർത്ഥാടകരെ പമ്പയിൽ ഇറക്കി വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്യുന്ന ക്രമീകരണമാണ് ദേവസ്വം ബോർഡ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ചെറുവാഹനങ്ങളെയും പമ്പയിലേക്ക് കടത്തിവിട്ടിരുന്നില്ല. ഇത് കെ.എസ്.ആർ.ടി.സിക്ക് വലിയ വരുമാനം നേടിക്കൊടുത്തിരുന്നു.
നിലയ്ക്കലിൽ ഒരേസമയം 9000പേർക്ക് വിരി സൗകര്യം ഏർപ്പെടുത്തി. പളളിയറക്കാവ്, ശിവക്ഷേത്രം, പാർക്കിംഗ് ഗ്രൗണ്ടുകൾക്ക് സമീപം, ഹെലിപാഡ് എന്നിവിടങ്ങളിലാണ് വിരിപ്പന്തലുകൾ.ഭസ്മക്കുളം നവീകരിച്ചു. മാളികപ്പുറത്തെ മീഡിൽ സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ച് തീർത്ഥാടകർക്ക് സഞ്ചരിക്കാനുളള വഴിയാക്കി. മാളികപ്പുറം മേൽശാന്തിയുടെ മുറി പുതുക്കിപ്പണിഞ്ഞു. വലിയ നടപ്പന്തലിന്റെ അറ്റകുറ്റപ്പണികൾ തീർത്തു. ടോയ്ലറ്റുകൾ നവീകരിച്ചു. പാണ്ടിത്താവളം സന്നിധാന റോഡ് ഇന്റർലോക്ക് പാകി. കുടിവെളള കിയോസ്കുകൾ സ്ഥാപിച്ചു.
> എരുമേലി മുതൽ സന്നിധാനം വരെ അയ്യപ്പസേവാ സംഘത്തിന്റെ ഏഴ് ക്യാമ്പുകൾ പ്രവർത്തിക്കും. അന്നദാനം, ചുക്കുവെള്ളം, ആംബുലൻസ്, സ്‌ട്രെച്ചർ സർവീസ് തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭിക്കും.
> നിലയ്ക്കലും പമ്പയിലും തീർഥാടകർക്ക് കുടിവെളളം ശേഖരിക്കാൻ സ്റ്റീൽ കുപ്പികൾ നൽകുന്ന കിയോസ്‌ക് കുടുംബശ്രീ തുടങ്ങും.
> അപകട സാധ്യത ഒഴിവാക്കുന്നതിന് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കടകളിലും പാചകവാതകം അമിതമായി സംഭരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. രണ്ടു ദിവസത്തെ ആവശ്യത്തിനുള്ള പാചക വാതകമേ സംഭരിച്ചു വയ്ക്കാൻ അനുവദിക്കുകയുള്ളു.
അവസാനിച്ചു)