g-v-anicadan

മല്ലപ്പള്ളി: സിനിമാ, നാടക നടനും അദ്ധ്യാപകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ജി.വി. ആനിക്കാടൻ (97) അന്തരിച്ചു. ആനിക്കാട് കൊച്ചുവടക്കയിൽ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്ന

ജോർജ് വർഗീസ് എന്ന ജി.വി ആനിക്കാടന്റെ അന്ത്യം ഇന്നലെ രാവിലെ 10.30ന് ആയിരുന്നു.

വിമോചന സമരകാലത്ത് നൂറു കണക്കിന് വേദികളിൽ അവതരിപ്പിച്ച ഭഗവാൻ മക്രോണി എന്ന കഥാപ്രസംഗത്തിലൂടെയാണ് കലാരംഗത്ത് ശ്രദ്ധേയനായത്. കോട്ടയം നാഷണൽ തിയേറ്റേഴ്സ്, ചാലക്കുടി സാരഥി, കൊച്ചിൻ പി.ജെ തിയേറ്റേഴ്സ് തുടങ്ങി ഒട്ടേറെ നാടകട്രൂപ്പുകളിൽ പ്രധാന നടനായിരുന്നു. നൂറു പുഷ്പങ്ങൾ വിരിയട്ടെ, തീ, ഫസക്ക് തുടങ്ങിയവ നാടകങ്ങളിൽ പ്രധാന വേഷമിട്ടു. നടൻ തിലകന്റെ ഉറ്റസുഹൃത്തായിരുന്ന ജി.വി അദ്ദേഹത്തോടൊപ്പം നിരവധി നാടകങ്ങളിൽ അഭിനിയിച്ചു. രണ്ടായിരത്തിൽപ്പരം വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്.

പഞ്ചവടിപ്പാലം, പറന്ന് പറന്ന്, മൂക്കില്ലാരാജ്യത്ത്, ദേശീയ അവാർഡ് ലഭിച്ച അരവിന്ദന്റെ ചിദംബരം തുടങ്ങിയ സിനിമകളിലും മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ആനിക്കാട് സെന്റ് മേരീസ് സ്കൂൾ അദ്ധ്യാപകനായിരുന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം ആനിക്കാട് ഗ്രാമപഞ്ചായത്തംഗമായും വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: അയിരൂർ മനപ്പുറത്ത് കുടുംബാംഗം പരേതയായ അന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് എൽ.പി.സ്കൂൾ, ആനിക്കാട്). മക്കൾ: ജിയാമ്മ, ജോയി, മാത്യൂസ് ജി. കൊച്ചുവടക്കേൽ (റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് ഹൈസ്കൂൾ, ആനിക്കാട്), കുഞ്ഞുമോൾ (സ്വിറ്റ്സർലൻഡ് ) മണി (റിട്ട. അദ്ധ്യാപകൻ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടാങ്ങൽ), കൊച്ചുമോൻ (റിട്ട. പവർഹാൻസ് ലിമിറ്റഡ്), കുഞ്ഞ്. മരുമക്കൾ: കുഞ്ഞുമോൾ, റാണി, ജോയി (ഞാലിയാകുഴി), നല്ലമ്മ (റിട്ട. ക്ലാർക്ക് സെന്റ് മേരീസ് വി.എച്ച്.എസ്.എസ്. വലിയകുന്നം), ലില്ലി, ബബിത (അദ്ധ്യാപിക ഗവ. മോഡൽ ന്യൂ എൽ.പി. സ്കൂൾ, ആഞ്ഞിലിത്താനം). സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് ആനിക്കാട് കുന്നിരിക്കൽ ബേത്‌ലഹേം മലങ്കര കത്തോലിക്കാ ദേവാലയത്തിൽ.