മല്ലപ്പള്ളി: നടനും അദ്ധ്യാപകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ജി.വി. ആനിക്കാടന്റെ അന്ത്യത്തിലൂടെ മല്ലപ്പള്ളിക്ക് നഷ്ടമായത് മുതിർന്ന കലാകാരനെ. ആനിക്കാട് കൊച്ചുവടക്കയിൽ വീട്ടിൽ വറുഗീസ് വറുഗീസ് - മറിയാമ്മ ദമ്പതികളുടെ മകനായി 1922 ജനിച്ച ജോർജ്ജ് വറുഗീസ് എന്ന പ്രതിഭ പിന്നീട് നാട്ടുകാരുടെ പ്രിയങ്കരനായ ജി.വി. ആനിക്കാടനായി മാറുകയായിരുന്നു. രണ്ടുവർഷം മുമ്പുവരെ സ്വന്തം മാരുതി കാർ ഓടിച്ച് മല്ലപ്പള്ളിയിൽ ടൗണിൽ പതിവായി എത്തിയിരുന്ന ജി.വി ഏതൊരാൾക്കും സുപരിചിതനാണ്. നടന്റെ പരിവേഷങ്ങളില്ലാതെ സാധാരണക്കാരോടൊപ്പം പച്ചമനുഷ്യനായി ജീവിക്കുന്നതിലായിരുന്നു അദ്ദേഹത്തിന് താൽപര്യം. സ്കൂൾ പഠനകാലത്തു തന്നെ അഭിനയവും ചിത്രരചനയുമായി സജീവമായിരുന്നു.
വിമോചന സമരകാലത്ത് കഥാപ്രസംഗത്തിലൂടെയാണ് കലാരംഗത്ത് ശ്രദ്ധേയനായത്. തുടർന്ന് നാടകത്തിലേക്ക് കൂടുമാറ്റം. അന്നത്തെ പ്രധാന ട്രൂപ്പുകളിൽ മുഖ്യനടനായിരുന്നു. ആദ്യകാലങ്ങളിൽ പാടി അഭിനയിക്കുമായിരുന്നു. നടൻ തിലകനുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. അദ്ദേഹത്തോടൊപ്പം നിരവധി നാടകങ്ങളിൽ അഭിനിയിച്ചു. രണ്ടായിരത്തിൽപരം സ്റ്റേജുകളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ
കെ.ജി. ജോർജ്ജിന്റെ പഞ്ചവടിപാലത്തിലെ ജുബ്ബാധാരിയായ പഞ്ചായത്തംഗം ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു. പാലാരിവട്ടം പാലത്തിന്റെ ദുരവസ്ഥ വിവരിക്കുന്ന ടി.വി ഹാസ്യപരിപാടികളിൽ ജി.വി അഭിനയിച്ച ഈ രംഗങ്ങൾ കൂട്ടിച്ചേർത്ത് അവതരിപ്പിച്ചിരുന്നു. നവമാദ്ധ്യമങ്ങളിലും ഇൗ രംഗങ്ങൾ വൈറലാണ്. സീരിയൽ രംഗത്തും ആനിക്കാടൻ തന്റെ പേര് അറിയിച്ചിരുന്നു. അഭിനയത്തിന് പുറമെ അദ്ധ്യാപകൻ എന്ന നിലയിലും ഏറെ പ്രശോഭിച്ചിരുന്നു. മലങ്കര കാത്തോലിക്കാ സഭാ തലവൻ മോറോൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമ്മീസ് കാത്തോലിക്കാ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ജി.വി. സാറിന്റെ ശിഷ്യന്മാരാണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങ് തൽസമയം വീക്ഷിച്ച ജി.വി ശിഷ്യൻ ഗുരുതുല്യനായതിൽ അഭിമാനമുണ്ടെന്ന് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.