11-vazha-in-road
കുരമ്പാല ​പൂഴിക്കാ​ട്, വലക്കടവ് റോഡിൽ പൂഴിക്കാട് തവളംകുളം ഭാഗത്തെ കുഴികളിൽ വാഴകൾ ന​ട്ട​പ്പോൾ

പന്തളം: കുരമ്പാല, പൂഴിക്കാട് ​ മുട്ടാർ റോഡ് തകർന്നു തരിപ്പണമായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുന്നു. പ്രദേശവാസികൾ വ്യാപക പ്രതിഷേധത്തിലാണ്. 6കിലോമീറ്റർ ദൈർഘ്യം വരുന്ന ഈ റോഡിന്റെ പൂഴിക്കാട് സ്‌കൂൾ ജംഗ്ഷൻ മുതൽ കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിനു സമീപം വരെയുള്ള രണ്ട് കിലോമീറ്റർ ഭാഗമാണ് പൂർണമായും തകർന്നത്. കുഴികളിൽ വെള്ളം കെട്ടികിടക്കുന്നുണ്ട്.ഇതിലൂടെയാണ് കാൽനടക്കാരടക്കം യാത്ര ചെയ്യു​ന്ന​ത്. ഇരുചക്ര വാഹന യാത്രക്കാർ വെള്ളം നിറഞ്ഞ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്.

നിർമ്മാണത്തിലെ അപാകത


5 വർഷം മുമ്പ് ചിറ്റയം ഗോപകുമാർ എം.എൽ.എ.യുടെ ഫണ്ടിൽ നിന്നും അനുവദിച്ച 2 കോടി രൂപ മുടക്കി പുനർനിർമ്മിച്ചതാണ് ഈ റോഡ്. എന്നാൽ ഉദ്ഘാടനത്തിന് മുമ്പ് തന്നെ റോ​ഡിന്റെ പല ഭാഗങ്ങളും തകർന്നു. നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണം. എം.സി.റോഡിൻ കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്ര കണിക്കവഞ്ചി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തവളം കു​ളം, പൂഴിക്കാട് ജംഗ്ഷൻ, വലക്ക​ട​വ്, മന്നം അയൂർവേദ മെഡിക്കൽകോളേജ് വഴി പന്തളം മാവേലിക്കര റോഡിൽമുട്ടാർ ജംഗ്ഷനിൽ എത്തുന്ന റോഡാണിത്. പുനരുദ്ധാരണം നടത്തിയപ്പോൾ പല ഭാഗത്തും നിലവിലുണ്ടായിരുന്ന കലുങ്കകളും ഓടയും പുനർനിർമ്മിച്ചില്ല.നിർമ്മാണ സമയത്ത് പ്രദേശവാസികൾ അപകതകൾ ചൂണ്ടി കാണിച്ചപ്പോൾ കരാറുകാരനെ സഹായിക്കുന്ന സമീപനമാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്വീകരിച്ചത്. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓട്ടം വിളിച്ചാൽ ഡ്രൈവർമാരിൽ പലരും ഓട്ടം പോകുവാൻ തയാറാകുന്നില്ല. പൂഴിക്കാട് ഗവ.യു.പി.സ്‌കൂൾ കുടശനാട് എൻ.എസ്.എസ്.സ്‌കൂൾ കുരമ്പാല അമൃത വിദ്യാലയം,കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം,പൂഴിക്കാട് ശ്രീധർമ്മശാസ്ത ക്ഷേത്രം ,നന്ദനാർക്ഷേത്രം,പൂഴിക്കാട്ടയും കുടശനാട്ടെ പള്ളികൾ അടക്കമുള്ള ദേവാലയങ്ങളിലേക്ക് പോകുന്നവരും ഈ റോഡിനെയാണ് ആ ശ്രയിക്കുന്നത്.

വാഴനട്ട് പ്രതിഷേധിച്ചു

റോഡ് നന്നാക്കാൻ അധികൃതർ കാട്ടുന്ന അവഗണനയിൽ പ്രതിക്ഷേധിച്ച് നാട്ടുകാർ തവളംകുളം ഭാഗത്തെ റോഡിലെ കുഴികളിൽ ഇന്നലെ വാഴകൾ നട്ട് പ്രതിക്ഷേധിച്ചു. പി.ഡ​ബ്‌​ള്യൂഡി റോഡ് ഏറ്റെടുത്ത് പുനർനിർമ്മിച്ച് ബൈപ്പാസ് ആക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം.കുരമ്പാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

-5 വർഷം മുമ്പ് 2 കോടി മുടക്കിയ റോഡ്

- ഉദ്ഘാടനത്തിന് മുൻപ് തകർന്നു