അടൂർ: നഗരസഭയുടെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയം യാഥാർത്ഥ്യമാക്കുന്നതിന് ഒരേക്കർ സ്ഥലം കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒരാഴ്ച മുൻപ് ചേർന്ന കൗൺസിൽ യോഗം സ്ഥലം ഏറ്റെടുക്കാൻ തീരുമാനമെടുത്തതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്. പുതുവാക്കൽ ഏലായിൽ നേരത്തെ വാങ്ങി മണ്ണിട്ട് നിരത്തിയ 3.5 ഏക്കർ സ്ഥലത്തിനോട് ചേർന്നാണ് ഒരേക്കർ കൂടി വാങ്ങുന്നത്. ഇതോടെ 2017-18 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 10.75 കോടി രൂപ വിനിയോഗിച്ച് സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെയുള്ള സ്റ്റേഡിയം നിർമ്മിക്കാനുള്ള തടസങ്ങൾ നീങ്ങി. ആവശ്യമായ സ്ഥലം ഇല്ലാത്ത കാരണമാണ് സ്റ്റേഡിയ നിർമ്മാണം വൈകിയത്. ഇത് സംബന്ധിച്ച് 'അടൂർ നഗരസഭ സ്റ്റേഡിയം വാഗ്ദാന മോ".. എന്ന തലക്കെട്ടിൽ കഴിഞ്ഞ 14ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനൊപ്പം പണം അനുവദിച്ച കൊടുമണ്ണിലെ സ്റ്റേഡിയത്തിന്റെ നിർമ്മാണം 80 ശതമാനത്തിലേറെ പൂർത്തിയായി. കിറ്റ്കോയ്ക്കാണ് നിർമ്മാണ ചുമതല. തയാറാക്കിയ രൂപരേഖ അനുസരിച്ച് സ്ഥലം ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ഒരേക്കർ അധികമായി വാങ്ങാൻ നിർദ്ദേശം നൽകിയത്. ഏഴ് വ്യക്തികളിൽ നിന്നായി 9 സർവേ നമ്പരുകളിൽപ്പെട്ട സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ 6പേരും നഗരസഭയ്ക്ക് സമ്മതപത്രം നൽകി. വാക്ക് നൽകിയ ഒരു വസ്തു ഉടമ വിദേശത്തായതിനാൽ ആ സ്ഥലം ഒഴിച്ചിട്ട് ശേഷിക്കുന്നവ വില കൊടുത്ത് വാങ്ങുന്നതിനാണ് കൗൺസിലിൽ തീരുമാനമായത്. സ്ഥലം ഇനിയും ആവശ്യമായി വന്നാൽ വാങ്ങുന്നതിന് പിന്നീട് തീരുമാനം കൈകൊളളാൻ കൗൺസിലിൽ ധാരണയായിട്ടുണ്ട്. സ്റ്റേഡിയ നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള ഭൂമി മണ്ണിട്ട് നിരപ്പാക്കി റോഡ് റോളർ ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലികൾ ആരംഭിച്ചു.
സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഉടമകൾക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. പ്രമാണം പരിശോധിച്ച് സ്ഥലം ഏറ്റെടുത്ത് നിർവ്വഹണ ഏജൻസിയായ കിറ്റ്കോയ്ക്ക് കൈമാറും.
ഷൈനി ബോബി,
ചെയർപേഴ്സൺ അടൂർ നഗരസഭ
10.75 കോടിയുടെ പദ്ധതി