മലയാലപ്പുഴ: ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ഗജരാജൻ മലയാലപ്പുഴ രാജന് സ്റ്റീൽ ചങ്ങല സമർപ്പിക്കുന്നു. 16ന് രാവിലെ 10ന് രാജനെ ആറാട്ടുകടവിൽ നിന്ന് പനയനാർകാവ് കാളിദാസൻ, ആരാധന ശിവകാശി കണ്ണൻ എന്നീ ഗജവീരൻമാരുടെയും വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് ആനയിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ എൻ.വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്യും. ആനപ്രേമി സംഘം പ്രസിഡന്റ് ശംഭു ശിവദാസ് അദ്ധ്യക്ഷത വഹിക്കും. തന്ത്രി അടിമുറ്റത്ത് മഠം പരമേശ്വരൻ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തും. നിയുക്ത ദേവസ്വം ബോർഡംഗം കെ.എസ്.രവി സ്റ്റീൽ ചങ്ങല സമർപ്പിക്കും. ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ കൃഷ്ണകുമാർ വാര്യർ കലണ്ടർ പ്രകാശനം നടത്തും. ദേവസ്വം അസി: കമ്മിഷണർ ജി. മുരളീധരൻപിള്ള പാപ്പാൻമാരെ ആദരിക്കും. കെ.എസ്.ഗോപിനാഥപിള്ള, ഡോ.ബിനു, മുരളി പെരുമ്പട്ടത്ത്, പ്രമോദ് കൊച്ചില്ലം, സൂരജ് എന്നിവർ പ്രസംഗിക്കും. തുടർന്ന് കിഴക്കേ നടയിൽ ആനയൂട്ടും നടക്കും.