smaram-naanu

പത്തനംതിട്ട: റാന്നിയിൽ ചെന്നിറങ്ങി 'സമര'ത്തിന്റെ കാര്യം മിണ്ടരുത്! നാട്ടുകാർ നേരെ ഉതിമൂട്ടിലെ നാണുവിന്റെ പന്തൽ ഡെക്കറേഷൻ കടയിൽ കൊണ്ടുവിടും. കടയുടെ പേര് 'സമരം!' ഡെക്കറേഷൻ അല്ലാത്ത ചിരിയുമായി ഇറങ്ങിവരുന്ന കടയുടമയുടെ പേരു കേട്ട് ഞെട്ടരുത്. അതും 'സമരം.' മുഴുവൻ പേര്? സമരം നാണു!

റാന്നി ഉതിമൂട്ടുകാരുടെ നിഘണ്ടുവിൽ സമരം എന്ന പദത്തിന് ഒരു അർത്ഥമേയുള്ളൂ. അത് നാണു എന്നാകുന്നു!

കറതീർന്ന കമ്മ്യൂണിസ്റ്റ്. നാണുവിന്റെ അച്ഛൻ പി.എം കുട്ടിയും അമ്മ തങ്കമ്മയും കർഷകത്തൊഴാലാളി സമരങ്ങളിൽ സജീവ പങ്കാളികളായിരുന്നു. സമരത്തിനു പോകുമ്പോൾ കൊച്ചു നാണുവിനെ അമ്മ ഒക്കത്തെടുക്കും. ഒക്കത്തിരുന്ന് നാണു ഉറങ്ങുന്നതും ഉണരുന്നതും മുദ്രാവാക്യം വിളി കേട്ട്. അന്നു തുടങ്ങിയതാണ് സമരപഥങ്ങളിലൂടെ നാണുവിന്റെ സഞ്ചാരം.

ഇരുപതാം വയസിൽ സി.പി.എം ഉതിമൂട് ബ്രാഞ്ച് കമ്മിറ്റി അംഗമായ നാണു അന്നു മുതൽ പാർട്ടിയുടെ എല്ലാ സമരങ്ങൾക്കും കൊടിയെടുത്തു. വയസ്സ് അറുപത്തിനാല്. ഇതുവരെ എത്ര സമരത്തിൽ പങ്കെടുത്തെന്നു ചോദിച്ചാൽ പിടിയില്ല. ഓർമ്മയുള്ളപ്പോൾ മുതൽ പേര് ഇങ്ങനെയാണെന്നു മാത്രം ഓർമ്മയുണ്ട്!

കർഷകത്തൊഴിലാളികളുടെ കൂലി എട്ടണയിൽ നിന്ന് 16 അണയാക്കണമെന്ന് ആവശ്യപ്പെട്ട് റാന്നിയിൽ 45 ദിവസം നടന്ന സമരവും, കനാൽ നിർമ്മാണ തൊഴിലാളികളുടെ കൂലിവർദ്ധനവിനു നടത്തിയ സമരവുമാണ് നാണുവിന് സമര ജീവിതത്തിലെ വീര്യം കൂടിയ ഓർമ്മകൾ. ഉതിമൂട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാണു മത്സരിച്ചത് 'സമരം നാണു' എന്ന പേരിൽ. പ്രിയപ്പെട്ട 'സമര'ത്തെ നാട്ടുകാർ വിജയിപ്പിക്കുകയും ചെയ്തു.

ഉതിമൂട് ചെത്തിച്ചിമണ്ണിൽ വീട് ആണ് നാണുവിന്റെ 'സമര മന്ദിരം.' ഭാര്യ അയിഷ. മക്കൾ ആശയും ആഷ്ലിയും ആഷ്നിയും.