ചെങ്ങന്നൂർ: ഗഹനങ്ങളായ ഭാരതീയ സംസ്‌കൃതിയുടെ അന്തസത്ത മനസിലാക്കാതെ അനന്തമായ പാശ്ചാത്യ അനുകരണം നടത്തിയതാണ് ഹൈന്ദവ ജനത നേരിട്ട അപജയത്തിന് കാരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷ്ണർ കൃഷ്ണകുമാർ വാര്യർ പറഞ്ഞു. ബോർഡിന്റെ കരുനാഗപ്പള്ളി മുതൽ ചങ്ങനാശേരി വരെയുള്ള ഏഴ് ഗ്രൂപ്പുകളിലെ മത പാഠശാല അദ്ധ്യാപകരുടെ ദ്വിദിന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.സി ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് നന്ദകുമാർ, വൈസ് പ്രസിഡന്റ് ശശി. എസ്. പിള്ള, മതപാഠശാല കോ-ഓർഡിനേറ്റർ വി. കെ. രാജഗോപാൽ, രക്ഷാധികാരി മണ്ണടി പൊന്നമ്മ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് വേലൂർ പരമേശ്വരൻ നമ്പൂതിരി, വെങ്കിടാചലശർമ്മ, വി.ജെ രാമചന്ദ്രൻ ഉണ്ണിത്താൻ എന്നിവർ ക്ലാസെടുത്തു.