സ്കൂൾകായികമേളയ്ക്കും ഒഴിവാക്കി;
തിരുവല്ല: പുതിയ കായിക പ്രതിഭകൾക്ക് ജന്മം നൽകേണ്ട ജില്ലാ സ്‌കൂൾ കായികമേള തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ അപര്യാപ്തതകൾ കാരണം നടത്തിയത് മറ്റൊരിടത്ത്. സ്റ്റേഡിയത്തിലെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കാരണം കായികമേള ഇന്നലെ തിരുവല്ല എസ്.സി.എസ് സ്‌കൂളിന്റെ മൈതാനത്താണ് നടത്തിയത്. മുൻ വർഷങ്ങളിൽ കായികമേള നടന്നിരുന്നത് പബ്ലിക് സ്റ്റേഡിയത്തിലാണ്. എന്നാലിപ്പോൾ കായിക മേളകൾക്ക് ഉപയോഗിക്കാനാവുന്നില്ല. പതിറ്റാണ്ടുകളായി ഒട്ടേറെ കായിക താരങ്ങളെ വളർത്തിയെടുത്ത പബ്ലിക് സ്റ്റേഡിയം അവഗണനയുടെ പടുകുഴിയിലാണ്. നഗരമദ്ധ്യത്തിലായി പത്തേക്കറോളം വിസ്തൃതിയുള്ള സ്റ്റേഡിയമാകെ പുല്ലും കാടും വളർന്നു നാശോന്മുഖമായി. ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയാത്തവിധം തകർന്നു. അത്‌ലറ്റുകൾക്ക് പരിശീലനം ബുദ്ധിമുട്ടാണ്. അസോസിയേഷൻ കുട്ടികൾക്കായി വല്ലപ്പോഴും നടത്തുന്ന പരിശീലനം മാത്രമാണ് പേരിനെങ്കിലും നടക്കുന്നത്. സ്റ്റേഡിയത്തിന്റെ പവിലിയനിലും കാര്യമായ സൗകര്യമില്ല. ജേഴ്സി അണിയാൻ പോലും പവലിയനിൽ പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ശൗചാലയങ്ങളും വേണ്ടത്രയില്ല. തിരുവല്ലയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂൾ കുട്ടികളെ പരിശീലിപ്പിക്കാനായി ചങ്ങനാശ്ശേരി എസ്.ബി കോളേജ് മൈതാനത്തേക്കാണ് കായികാദ്ധ്യാപകർ കൊണ്ടുപോകുന്നത്. നിലവിലെ സ്റ്റേഡിയത്തിന്റെ സ്ഥിതി കായികപ്രേമികളെ ദു:ഖത്തിലാക്കിയിരിക്കുകയാണ്.
തണ്ണീർത്തടമായി പബ്ലിക് സ്റ്റേഡിയം
ചുറ്റുപാടും റോഡുകളും മറ്റു സ്ഥാപനങ്ങളും ഉയർന്നതോടെ മഴക്കാലത്ത് വെള്ളമെല്ലാം സംഭരിക്കുന്ന കേന്ദ്രമായി തിരുവല്ല പബ്ലിക് സ്റ്റേഡിയം മാറി. 1992 ൽ രഞ്ജി ട്രോഫി അടക്കമുള്ള ഒട്ടേറെ ക്രിക്കറ്റ് മത്സരങ്ങൾക്കും ഫുട്ബോൾ ടൂർണമെന്റുകൾക്കും വേദിയായ സ്റ്റേഡിയം ഇന്ന് പടുകുഴിയിലാണ്. മഴ തുടരുന്നതിനാൽ വെള്ളം വലിയാതെ സ്റ്റേഡിയത്തിന്റെ പലഭാഗത്തും കെട്ടിക്കിടക്കുന്നു. ജലനിർഗമന മാർഗ്ഗങ്ങൾ പലതും അടഞ്ഞതിനാൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാതെ കൂത്താടികളും ഇവിടെ പെരുകി വരികയാണ്. വെള്ളമൊഴുകി മാറാനുള്ള സംവിധാനങ്ങളില്ലാത്തതാണ് പ്രധാന പ്രശ്നം.
തകർച്ചയിലായ തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിന്റെ വികസനത്തിന് രണ്ടു വർഷത്തിനിടെ വിവിധ പദ്ധതികൾ തയ്യാറാക്കി കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. നാളിതുവരെ മറുപടി ലഭിച്ചിട്ടില്ല. വലിയ ഫണ്ട് ഉണ്ടെങ്കിലേ പ്രശ്നങ്ങൾ പരിഹരിക്കാനാവൂ.
ചെറിയാൻ പോളച്ചിറയ്ക്കൽ
ചെയർമാൻ, തിരുവല്ല നഗരസഭ.