പത്തനംതിട്ട: ശബരിമല തീർത്ഥാടകരെ വരവേൽക്കാൻ പത്തനംതിട്ട ഇടത്താവളം ഒരുങ്ങുന്നു. ജില്ലയിലെ പ്രധാന ഇടത്താവളമാണ് വെട്ടിപ്രത്ത് പൊലീസ് ചീഫ് ആസ്ഥാനത്തിന് സമീപത്തുളളത്. നഗരസഭയുടെ നേതൃത്വത്തിൽ നവീകരണ ജോലികൾ ഇടത്താവളത്തിൽ പുരോഗമിക്കുകയാണ്. പെയിന്റിംഗ് പൂർത്തിയായി. ശുചിമുറികൾ വൃത്തിയാക്കി. ഇവിടേക്ക് വെളളം എടുക്കുന്ന സമീപത്തെ കിണർ ശുചിയാക്കി. പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികളും കഴിഞ്ഞു. അയ്യപ്പൻമാർക്ക് വെളളം കോരി കുളിക്കുന്നതിന് മൂന്ന് വലിയ കോൺക്രീറ്റ് ടാങ്കുകൾ നവീകരിച്ചു. എല്ലാ ദിവസവും ടാങ്കുകൾ ശുചീകരിക്കും.
ഇടത്താവളത്തിന്റെ പ്രധാന കെട്ടിടത്തിനു മുന്നിലായി പന്തൽ നിർമാണം നാളെ തീരും. പൊലീസിനും ഡോക്‌ടർമാർക്കുമുളള കൂടാരങ്ങളുടെ പണിയും പൂർത്തിയായി.
ഇടത്താവളത്തിൽ ഒരേസമയം 200പേർക്ക് വിരിവയ്ക്കാം. അന്നദാനവുമുണ്ടാകും. തീർത്ഥാടകർക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതിന് പ്രത്യേക സ്ഥലം അനുവദിക്കും. ആംബുലൻസ് സർവീസും മെഡിക്കൽ ക്യാമ്പും നടത്തുന്നുണ്ട്. തീർത്ഥാടകർ കൊണ്ടുവരുന്ന പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിന് കളക്ഷൻ സെന്റർ പ്രവർത്തിക്കും. കുടുംബശ്രീയുടെ കഫേ യൂണിറ്റ് തുടങ്ങും. ഇടത്താവളം 17ന് തുറന്നുകൊടുക്കും.
>>
കുണ്ടും കുഴിയുമായി പാർക്കിംഗ് ഗ്രൗണ്ട്
ഇടത്താവളത്തിലെ പാർക്കിംഗ് ഗ്രൗണ്ട് നിരപ്പാക്കിയിട്ടില്ല. കുഴികളിൽ വെളളം കെട്ടിക്കിടക്കുന്നു. പാർക്കിംഗ് സ്ഥലം നിരപ്പാക്കുന്നതിന് പാറമക്ക് ഇറക്കിയിട്ട് ദിവസങ്ങളായി. നേരത്തേ നടന്ന പരിപാടികൾക്ക് പന്തൽ ഒരുക്കിയതിന്റെ അവശിഷ്ടങ്ങൾ നീക്കിയിട്ടില്ല.
>>>
സ്വകാര്യ ബസ് സ്റ്റാൻഡ് നിരപ്പാക്കുന്നതിന് 4ലക്ഷം അനുവദിച്ചു
യാത്രക്കാരുടെ നടുവൊടിക്കുന്ന ബസ് സ്റ്റാൻഡിലെ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്തെ കുഴികൾ നികത്തുന്നതിന് നാല് ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ പൂർത്തിയായി. ഇന്നോ നാളെയോ പാറമക്ക് എത്തിച്ച് നിരപ്പാക്കൽ ജോലികൾ തുടങ്ങും. കെ.എസ്.ആർ.ടി.സിയോട് ചേർന്ന ഭാഗത്തെ കെട്ടിടത്തിലെ മുകൾ നിലയിലെ രണ്ടു മുറികൾ അയ്യപ്പൻമാർക്ക് വിരിവയ്ക്കാൻ തുറന്നു കൊടുക്കും. നൂറ്റൻപതോളം പേർക്ക് ഇവിടെ വിരിവയ്ക്കാം.
>>
ദിശാബോർഡുകളും വഴിവിളക്കുകളും
തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി നഗരത്തിൽ ദിശാബോർഡുകൾ സ്ഥാപിക്കും. റിംഗ് റോഡിൽ പ്രവേശിക്കുന്ന തീർത്ഥാടകർക്ക് ഇടത്താവളത്തിലേക്കും ശബരിമലയിലേക്കും പോകുന്നതിന് ഇത് സഹായിക്കും. മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നട ഭാഷകളിലാണ് ദിശാസൂചിക. നഗരത്തിലെ പല ഭാഗങ്ങളും രാത്രിയിൽ ഇരുട്ടിലാണ്. റിംഗ് റോഡ് അടക്കം ചെറുതുംവലുതമായ എല്ലാ റോഡുകളിലും വഴിവിളക്കുകൾ സ്ഥാപിക്കും.
>>
25ലക്ഷം
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി നഗരം നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി സർക്കാർ നഗരസഭയ്ക്ക് 25ലക്ഷം അനുവദിച്ചു. ഇടത്താവളം, ബസ് സ്റ്റാൻഡ്, വഴിവിളക്കുകൾ, ദിശാ ബോർഡുകൾ തുടങ്ങിയവയുടെ നവീകരണത്തിന് ഫണ്ട് ഉപയോഗിക്കും.
'' ശബരിമല നട തുറക്കുന്നതിന് മുൻപ് നഗരത്തിലെ നവീകരണ ജോലികൾ പൂർത്തിയാക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കുഴികൾ നികത്തും. ഇടത്താവളം 17ന് തുറന്നു കാെടുക്കും.
റോസ് ലിൻ സന്തോഷ്, നഗരസഭ ചെയർപേഴ്സൺ.