പന്തളം: കാൻസർ ബാധിച്ച് അവശയായ വൃദ്ധക്ക് തുണയേകി ജനമൈത്രി പൊലീസ്. വായിൽ പുഴുക്കൾ വന്ന നിലയിൽ കാണപ്പെട്ട ചെന്നീർക്കര കുന്നത്തേത്ത് കോളനിയിലെ 93കാരി മറിയാമ്മയുടെ ദയനീയ സ്ഥിതി എ.കെ.ജി ഫൗണ്ടേഷൻ സോണൽ സെക്രട്ടറി മധുവാണ് ജനമൈത്രി പൊലീസിനെ അറിയിക്കുന്നത്. ഉടൻ ഇടപെട്ട ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ.പ്രശാന്ത് എന്നിവർ നിജസ്ഥിതി മനസിലാക്കുകയും ആംബുലൻസിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 11വർഷം മുമ്പ് അസുഖം ബാധിച്ച് രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട മറിയാമ്മ തൊഴിലുറപ്പ് തൊഴിലാളിയായ മകൾ ദാസമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ജനമൈത്രി ബീറ്റ് ഓഫീസർമാരോടൊപ്പം എ.കെ.ജി ഫൗണ്ടേഷൻ ഭാരവാഹികളായ എം.ആർ മധു ,മോഹൻലാൽ, കെ.ഇ.രാഘവൻ എന്നിവർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.