കോട്ടാങ്ങൽ : കോട്ടാങ്ങൽ പഞ്ചായത്തിൽ മോഷണം വ്യാപകമാകുന്നു. പഞ്ചായത്തിലെ വായിപ്പൂര്, കണ്ണങ്കര കോളനിക്ക് സമീപം വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിക്കാത്തിൽ പരാതി വ്യാപകമാണ്. കണ്ണങ്കര കോളനിക്ക് സമീപം ഗോകുലം വീട്ടിൽ ശ്യാമളയുടെ വീട്ടിലാണ് കഴിഞ്ഞ് രണ്ടാഴ്ച മുൻപ് മോഷണം നടന്നത്.പകൽ സമയം വീട്ടുകാർ സ്ഥലത്ത് ഇല്ലാത്ത തക്കം നോക്കിയായിരുന്നു മോഷണം. മൂന്ന് പവനും,20000 രൂപയും കളവ് പോയതായി വീട്ടുകാർ പെരുമ്പട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.അന്നു തന്നെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് വീട്ടുകാരുടെ ആക്ഷേപം.പകൽ സമയത്തും പ്രദേശങ്ങളിൽ മോഷണം വ്യാപകമായതിനാൽ അടിയന്തരമായി അന്വേഷണം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.