12-shelter

പന്തളം: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പന്തളത്ത് ആവശ്യമായ ഒരുക്കങ്ങളായിട്ടില്ല. അയ്യപ്പൻ കളിച്ചു വളർന്ന കൊട്ടാരങ്ങൾ സന്ദർശിക്കാനും ശ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിനു വച്ചിട്ടുള്ള തിരുവാഭരണങ്ങൾ കണ്ടുവണങ്ങാനും വലിയകോയിക്കൽ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ ദർശനത്തിനും ധാരാളം ശബരിമല തീർത്ഥാടകർ എത്താറുണ്ട്. ഇതിൽ അന്യസംസ്ഥാനക്കാരാണ് ഏറെയും. നിരവധി സ്ത്രീകളും മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിനായി പന്തളത്ത് എത്താറുണ്ട്.
വർഷങ്ങൾക്ക് മുമ്പ് പണിത ഇരുപതോളം കക്കൂസുകളാണ് ആകെയുള്ളത്. മിക്കതും കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞു. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്നോടിയായി അറ്റകുറ്റപണികൾ നടത്തി പെയിന്റ് പൂശുന്നതാണ് പതിവ്. തീർത്ഥാടകർക്ക് ദേഹശുദ്ധി വരുത്തുന്നതിന് വലിയ കോയിക്കൽ ക്ഷേത്രത്തിന് സമീപത്ത് അച്ചൻകോവിലാർ ഉണ്ടെങ്കിലും ഇവിടെ ഇറങ്ങുന്നതും സുരക്ഷിതമല്ല. കടവുകൾ തകർന്ന് കിടക്കുന്നതിനാൽ അപകടസാദ്ധ്യതയും ഏറെയാണ്. വിരിവയ്ക്കാനും വിശ്രമിക്കാനും ദേവസ്വം ബോർഡിന്റെ രണ്ട് കെട്ടിടങ്ങളെയുള്ളൂ. ഇവിടെ ഇ​രുന്നൂറ് പേരെ ഉൾക്കൊള്ളാനെ കഴിയൂ.
പാർക്കിംഗിനാണെങ്കിൽ ഒരു സംവിധാനവും ഇല്ല. പാർക്കിംഗിനായി ക്ഷേത്രത്തിനു സമീപം ദേവസ്വം ബോർഡ് 67 സെന്റ് ഭൂമി എട്ട് വർഷങ്ങൾക്ക് മുമ്പ് വാങ്ങിയിരുന്നു. എന്നാൽ ഇവിടെ നാലരക്കോടി രൂപാ മുടക്കി മൂന്നു നിലകളിലായി ഇപ്പോൾ കെട്ടിടം പണിയുകയാണ്. ഗ്രൗണ്ട് ഫ്‌ളോർ പാർക്കിംഗിനും മറ്റ് നിലകളിൽ അന്നദാനമണ്ഡപം, ദേവസ്വം ഓഫീസ്, വിശ്രമ കേന്ദ്രം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുളത്. കഴിഞ്ഞ തീത്ഥാടന കാലത്തിനു മുമ്പ് പണികൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇപ്പോഴും തുടരുകയാണ്.