ചടങ്ങ് തീർക്കലായി കായികമേള,  കായിക അദ്ധ്യാപകർ ബഹിഷ്കരിച്ചു  കായികതാരങ്ങൾ കുറഞ്ഞു  സുരക്ഷയില്ലാതെ മത്സരങ്ങൾ

പത്തനംതിട്ട: എങ്ങനെയെങ്കിലും മത്സരങ്ങൾ നടത്തി ചടങ്ങ് തീർക്കുന്നതുപോലെയായി ജില്ലാ സ്കൂൾ കായികമേള. ജില്ലാ സ്റ്റേഡിയത്തിൽ ആവശ്യമായ തയ്യാറെടുപ്പും ആവേശവുമില്ലാതെയാണ് രണ്ടാംദിനം പിന്നിട്ടത്. കുട്ടികളുടെ സുരക്ഷയ്ക്ക് സ്റ്റേഡിയത്തിൽ ആരുമില്ല.

ആദ്യ ദിവസത്തെ മത്സരങ്ങൾ തിരുവല്ല പബ്ളിക് സ്റ്റേഡിയത്തിലാണ് നടന്നത്. പത്തനംതിട്ടയിൽ കേരളോത്സവം നടത്തേണ്ടതിനാൽ കായിക മേളയിലെ ആദ്യ ദിവസത്തെ മത്സരങ്ങൾ തിരുവല്ലയിൽ നടത്തുകയായിരുന്നു. കായിക അദ്ധ്യാപകരുടെ ബഹിഷ്‌കരണം മേളയെ ബാധിച്ചു. ഹൈസ്‌കൂൾ കായിക അദ്ധ്യാപകർക്ക് മറ്റ് ഹൈസ്‌കൂൾ അദ്ധ്യാപകർക്ക് തുല്യമായ ശമ്പള സ്െകയിൽ അനുവദിക്കുക, 200 കുട്ടികളുള്ള യു.പി സ്‌കൂളുകളിൽ കായികാദ്ധ്യാപകനെ നിയമിക്കുക, കായികാദ്ധ്യാപകരുടെ തസ്തിക നിർണ്ണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഹരിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ കായികാദ്ധ്യാപകർ ഈ വർഷം ജൂൺ മുതൽ ചട്ടപ്പടി സമരത്തിലാണ്.

ഉപജില്ലാ മൽസരങ്ങൾ പലയിടത്തും നടന്നില്ല. ജില്ലാ കായികമേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്.

ബി.ആർ.സി അദ്ധ്യാപകരെയും റിട്ടയർ ചെയ്ത കായിക അദ്ധ്യാപകരെയും ഉപയോഗിച്ചാണ് മൽസരങ്ങൾ നടത്തുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മിക്ക മൽസരങ്ങളും നടക്കുന്നതെന്ന് പരാതി ഉയർന്നു. അദ്ധ്യാപകരുടെ കുറവ് കാരണം മൽസരങ്ങൾ സമയത്ത് തീർക്കാൻ കഴിയുന്നില്ല. ഡി.ഡി ഉൾപ്പെടെയുളള അധികൃതർ ഉദ്ഘാടനം കഴിഞ്ഞപ്പോൾ സ്ഥലം വിട്ടു. ജില്ലയിൽ 70 ഓളം കായിക അദ്ധ്യാപകരാണുള്ളത്. ഇവരെല്ലാം സമരത്തിലാണ്.

കായികമേള ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻെകാണ്ടൂർ, കെ. ജി. അനിത, ബിജിമോൾ മാത്യു, പി. കെ.േജക്കബ്, പി.കെ .അനീഷ്, പി.എ.ശാന്തമ്മ, കെ.വൽസല , റെജി ചാക്കോ എന്നിവർ സംസാരിച്ചു. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. ഉദ്ഘാടനം കഴിഞ്ഞയുടനെ കായിക അദ്ധ്യാപക സംഘടന സ്റ്റേഡിയത്തിന് സമീപം പ്രതിഷേധയോഗം നടത്തി. കേരള പ്രൈവറ്റ് സ്‌കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ഡി പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എബ്രഹാം കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.

ഇന്ന് സമാപിക്കും

പത്തനംതിട്ട: കായികമേള ഇന്ന് വൈകിട്ട് സമാപിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണ ദേവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.