തിരുവല്ല: വികസനത്തിന്റെ പേരിൽ അശാസ്ത്രീയ നിർമ്മാണങ്ങൾ നടത്തിയതിന്റെ ദുരിതങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് പെരിങ്ങര നിവാസികൾ. മണ്ണിട്ടുയർത്തി നിർമ്മിച്ച റോഡുകളും പാലങ്ങളും മറ്റു നിർമ്മാണങ്ങളുമെല്ലാം വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തി. മഴയിൽ വെള്ളം ഒഴുകി മാറാതെ പ്രദേശത്തിന്റെ പലഭാഗങ്ങളിലും കെട്ടിക്കിടക്കുന്നുണ്ട്. പെരിങ്ങര പഞ്ചായത്ത് ഓഫീസിന് മുന്നിൽനിന്നും വെള്ളക്കെട്ടിന്റെ രൂക്ഷത തുടങ്ങുകയാണ്. ചെറിയമഴ പെയ്താൽപോലും പഞ്ചായത്ത് ഓഫിസീനു മുന്നിൽ വെള്ളക്കെട്ടാണ്. പലയിടത്തുനിന്നും ഒഴുകിയെത്തിയ മാലിന്യങ്ങൾ പഞ്ചായത്ത് ഓഫീസിന്റെ എതിർവശത്തെ കുഴിയിൽ കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മുമ്പ് ഇവിടുത്തെ മാതകത്തിൽ തോട്ടിൽ നിന്നുള്ള വെള്ളം നിരവധി വാച്ചാലുകൾ കടന്നു കൂരച്ചാൽ മാണിക്കത്തകിടി പാടശേഖരത്തിൽ എത്തിച്ചേരും. അവിടെനിന്നും വെള്ളം ഒഴുകി ചാത്തങ്കരി തോട്ടിലേക്ക് ഒഴുകിപ്പോയിരുന്നതാണ്. എന്നാൽ ഈ സ്ഥിതിയാകെ മാറി. ഇവിടെയെല്ലാം നിരവധി വീടുകളും അവിടെക്കെല്ലാം വഴിയുമായി. ഇതോടെ പ്രശ്നം സങ്കീർണമായി. ഇതിനിടെയാണ് മറ്റു സ്ഥലങ്ങളിലെയും വെള്ളക്കെട്ട് പ്രശ്നം ഉയർന്നുവന്നത്.

പരാതികളും പ്രതിഷേധങ്ങളും

പരാതികളും പ്രതിഷേധങ്ങളും ഉയർന്നതോടെ നടപടികൾക്ക് അനക്കംവച്ച് തുടങ്ങിയിട്ടുണ്ട്. ദുരിതം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അധികൃതരും പണിക്കോട്ടിൽ നിവാസികളും മാത്യു ടി.തോമസ് എം.എൽ.എയ്ക്കും നിവേദനം നൽകി.ഇതേത്തുടർന്നായിരുന്നു പെരിങ്ങര പഞ്ചായത്തിലെ 11,12 വാർഡുകളിലെ പ്രദേശങ്ങൾ മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി.


ഉദ്യോഗസ്ഥ സംഘം കണ്ടറിഞ്ഞു; വെള്ളക്കെട്ടിന്റെ രൂക്ഷത

വെള്ളക്കെട്ട് പതിവാകുന്ന പഞ്ചായത്ത് കാര്യാലയത്തിന്റെ മുൻവശം, പണിക്കോട്ടിൽ ഭാഗം, മറിയപ്പള്ളിൽ ഭാഗം, പെരുഞ്ചാത്ര, മുണ്ടന്താനത്ത് പടി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു. തോടിന്റെ സ്ഥലനിർണയവും സംഘം നടത്തി. ഇതിനു സമീപത്തെ ഭൂമിയുടെ സർവേ നമ്പരും കണ്ടെത്തി. ലഭ്യമായ വിവരങ്ങൾ റവന്യു അധികൃതർക്ക് നൽകും. സ്ഥലത്തിന്റെയും തോടുകളുടെയും നിജസ്ഥിതി ബോദ്ധ്യപ്പെട്ടാൽ തോടുകൾ വീണ്ടെടുത്ത് നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കാം.എക്സിക്യുട്ടീവ് എൻജിനിയർ രാജശേഖരൻപിള്ള, കെ.ശ്രീകല, അശ്വതി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽർ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ്, വാർഡ് മെമ്പന്മാരായ പി.ജി പ്രകാശ്, ക്രിസ്റ്റഫർ ഫിലിപ്പ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വാച്ചാലുകൾ നിലനിന്നിരുന്നതായ റവന്യൂ ഭൂമി കണ്ടെത്തുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും ശേഷം ഇതുസംബന്ധിച്ച റിപ്പോർട്ട് എം.എൽ.എയ്ക്കും ജില്ലാ കലക്ടർക്കും കൈമാറും

(ഉദ്യോസ്ഥർ)