കോന്നി: നെഹ്രുവിന്റെ പേരിലുമുണ്ട് ഇവിടെയൊരു ജംഗ്ഷൻ. അതാണ് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കോന്നി മാർക്കറ്റ് ജംഗ്ഷൻ കഴിഞ്ഞുള്ള സ്ഥലമായ ചൈനാ ജംഗ്ഷൻ. ആപേര് നൽകിയത് പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുതന്നെയായിരുന്നു. 1950ൽ പ്രധാനമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നെഹ്രു കോന്നിയിൽ വന്നു. അന്ന് നെഹ്രുവിനെ സ്വീകരിക്കാൻ മലയോര മേഖലയിലെ ജനങ്ങൾ ഒഴുകിയെത്തിയതായി ഇവിടുത്തെ പഴയ തലമുറ പറയുന്നു.
പേര് വന്നത് ഇങ്ങനെ...
നെഹ്രു എത്തുമെന്നറിഞ്ഞ് എല്ലാ സ്ഥലങ്ങളിലും ത്രിവർണ്ണ പതാകകൾ കൊണ്ടലങ്കരിച്ചിരുന്നു. സ്വീകരണ സ്ഥലത്ത് നിന്ന് സമ്മേളന സ്ഥലത്തേക്ക് അദ്ദേഹം തുറന്ന ജീപ്പിലാണ് എത്തിയത്.കോന്നി കഴിഞ്ഞുള്ള ജംഗ്ഷനിൽ ചുവന്ന കൊടികളും, തോരണങ്ങളും കൊണ്ടലങ്കരിച്ച ചെങ്കൊടി ചന്തം. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പെട്ടവരുടെ പ്രധാന കേന്ദ്രമായിരുന്നു ഈ ജംഗ്ഷൻ ചുവപ്പിന്റെ സൗന്ദര്യം കണ്ട ചാച്ചാജി അടുത്ത് നിന്നവരോട് ചോദിച്ചു ' ഇതെന്താ ചൈനയാണോ ഞാൻ ഇതിന് മുൻപ് ചൈനയിൽ മാത്രമേ ഇത്തരം കാഴ്ച കണ്ടിട്ടുള്ളൂ. അന്നുമുതൽ ഈ കവലയയ്ക്ക് ചൈന ജംഗ്ഷനെന്ന പേരു വന്നു.നെഹ്രുവിന്റെ പ്രസംഗം കഴിഞ്ഞയുടൻ കോന്നിയൂർ ദാമോദരന്റെ നേതൃത്വത്തിൽ ഒരുപറ്റം ചെറുപ്പക്കാർ ചൈനമുക്ക് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിയും ഉയർത്തി.
ചൈനമുക്ക് സിന്ദാബാദ്
കോന്നിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളായ അഷ്ടമുടി സുകുമാരൻ, ചേനാട്ട് രാജശേഖരൻ നായർ,ആർ.രവീന്ദ്രൻ,സത്യവൃതൻ നായർ,വിലങ്ങുപാറ സുകുമാരൻ എന്നിവരുടെ പ്രവർത്തന കേന്ദ്രമായിരുന്നു ചൈന ജംഗ്ഷൻ.ശ്രീനാരായണ ഗുരുദേവൻ നേരിട്ട് രജിട്രേഷൻ നൽകിയ എസ്.എൻ.ഡി.പി.യോഗത്തിന്റെ 82 നമ്പർ ശാഖ ഇവിടെയാണ് പ്രവർത്തിക്കുന്നത്.
1. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമ്മകൾ എന്ന ആത്മകഥയിൽ ചൈന ജംഗ്ഷനിലെ ഇലഞ്ഞിക്കൽ വീടിനെ പറ്റി പരാമർശിക്കുന്നുണ്ട്
2. നെഹ്രു ചൈനാ ജംഗ്ഷനിൽ എത്തിയത് 1950ൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ