ചെങ്ങന്നൂർ: ആലപ്പുഴ ഡോഗ് സ്‌ക്വാഡിലെ സച്ചിൻ എന്ന നായയെയാണ് തെളിവു ശേഖരണത്തിനായി ആഞ്ഞിലിമൂട്ടിൽ എത്തിച്ചത്. ലില്ലിയുടെ മൃതശരീരത്തിൽ നിന്ന് മണംപിടിച്ച നായ അടുക്കളയിൽ നിന്നിറങ്ങി വീടിന്റെ തെക്കുഭാഗത്തെ പുരയിടത്തിലൂടെ പാറച്ചന്ത ഉളിയന്തറ റോഡിലെത്തി. ഇവിടെ നിന്ന് പാറപ്പുറം മാലയിൽപ്പടി വരെ മണംപിടിച്ചെത്തി. പട്ടണക്കാട് ബാറിലെ കവർച്ച ഉൾപ്പടെ കേരളത്തിലെ പ്രമാദമായ ഏഴ് കേസുകൾക്ക് തുമ്പുകണ്ടെത്തിയത് സച്ചിനാണ്. സി.ആർ.പി എഫ് പരിശീലനം ലഭിച്ച സച്ചിൻ, 300 നായകൾ പങ്കെടുത്ത മദ്ധ്യപ്രദേശിലെ പരിശീലനത്തിലും ഒന്നാമനായിരുന്നു. സംഭവ ദിവസം ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ മണം പിടിച്ച് പ്രതികളെ കണ്ടെത്തുക ദുഷ്‌ക്കരമാണെന്ന് ഡോഗ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരായ ശ്രീകാന്ത്, ഹരീഷ് എന്നിവർ പറഞ്ഞു.