തിരുവല്ല: കോൺഗ്രസ് രാജ്യവ്യാപകമായി മോദി സർക്കാരിനെതിരെ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല റയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും കൂട്ടധർണയും സംഘടിപ്പിച്ചു. തിരുവല്ലാ കുരിശുകവലയിൽനിന്നും പ്രകടനമായിട്ടാണ് പ്രവർത്തകർ റയിൽവേ സ്റ്റേഷനിലേക്ക് നീങ്ങിയത്. കുരിശുകവലയിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്തു. വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് തിരുവല്ലാ റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ സ്റ്റേഷൻ വളപ്പിൽ ധർണ നടത്തി. എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് ബാബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി., മുൻ ഡി.സി.സി. പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി. മോഹൻരാജ്, യുഡി.എഫ്. ജില്ലാ കൺവീനർ പന്തളം സുധാകരൻ, കെ.പി.സി.സി. സെക്രട്ടറി പഴകുളം മധു, എ.ഐ.സി.സി. മെമ്പർ മാലേത്ത് സരളാദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി, കെ.പി.സി.സി. നിർവാഹക സമിതി അംഗം, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, തിരുവല്ലാ ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, അനീഷ് വരിക്കണ്ണാമല, എ. സുരേഷ്‌കുമാർ, വി.ആർ.സോജി തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിന് തോപ്പിൽ ഗോപകുമാർ, റിങ്കു ചെറിയാൻ, റെജി തോമസ്, പ്രസാദ് ജോർജ്ജ്, സതീഷ് ചാത്തങ്കേരി, സാമുവൽ കിഴക്കുപുറം തുടങ്ങിയവർ നേതൃത്വം നൽകി.