പത്തനംതിട്ട: നഗരത്തിന്റെ ഹൃദയഭാഗം മുഖം മിനുക്കുന്നു. ഗാന്ധിപ്രതിമ മുതൽ കോടതി കവാടം വരെയുളള നൂറ് മീറ്റർ ഭാഗത്ത് ഇന്റർ ലോക്ക് കട്ടകൾ പാകുന്ന ജാേലികളാണ് ഇപ്പോൾ നടക്കുന്നത്. റോഡ് നവീകരണത്തിന് അഞ്ച് ദിവസത്തേക്ക് സെൻട്രൽ ജംഗ്ഷൻ വഴിയുളള ഗതാഗതം നിരോധിച്ചു. കളക്ടറേറ്റ് ഭാഗത്ത് നിന്നുളള വാഹനങ്ങൾ പഴയ ബസ് സ്റ്റാൻഡ് വഴിയാണ് തിരിച്ചുവിടുന്നത്. ബി.എസ്.എൻ.എൽ ഒാഫീസ്, അബാൻ വഴി സെൻട്രൽ ജംഗ്ഷനിലേക്കുളള ഗതാഗതവും പൂർണമായി നിരോധിച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും ഇന്റർലോക്ക് കട്ട പാകി വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതിന് വേണ്ടി വരും. ഉറയ്ക്കാൻ രണ്ട് ദിവസം കൂടി കഴിഞ്ഞ ശേഷമേ സെൻട്രൽ ജംഗ്ഷനിലൂടെ വാഹന ഗതാഗതം അനുവദിക്കൂ.
കുണ്ടും കുഴിയും നിറഞ്ഞ് അപകട വഴിയായ സെൻട്രൽ ജംഗ്ഷനിൽ പൊതുമരാമത്താണ് നവീകരണം നടത്തുന്നത്. 25ലക്ഷം രൂപയാണ് ചെലവ്. റോഡ് യന്ത്രങ്ങൾ കൊണ്ട് കൊത്തിയിളക്കി നിരപ്പാക്കിയ ശേഷമാണ് ഇന്റർ ലോക്ക് കട്ട പാകുന്നത്. രാത്രിയിലും ജോലികൾ നടക്കുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനും ബി.എസ്.എൻ.എൽ ലൈനും മാറ്റിയിട്ട ശേഷമാണ് പണികൾ നടത്തുന്നത്.
റിംഗ് റോഡിൽ ടാറിംഗ് തുടങ്ങി
ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി റിംഗ് റോഡ് ടാറിംഗ് കഴിഞ്ഞ രാത്രി ആരംഭിച്ചു. തിരക്കൊഴിഞ്ഞ വെട്ടിപ്രം ഭാഗത്താണ് ടാറിംഗ് ആരംഭിച്ചത്. മഴയില്ലെങ്കിൽ രാത്രിയിലും റോഡ് പണി നടക്കും.