മല്ലപ്പള്ളി: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായി. കല്ലൂപ്പാറ പുതുശേരിയിൽ കഴിഞ്ഞ രാത്രി പന്നികൾ കൂട്ടമായി എത്തി എട്ട് ഏക്കറിലെ കൃഷി നശിപ്പിച്ചു. ചെങ്ങരൂർ പടുവയിൽ കുളത്തുങ്കൽ അജികുമാർ പാട്ടത്തിനെടുത്ത എട്ട് ഏക്കർ സ്ഥലത്തെ കൃഷിയാണ് പന്നി നശിപ്പിച്ചത്. കെ.എസ്.ആർ.ടി.സിയിൽ താൽക്കാലിക ജീവനക്കാരനായിരുന്ന അജി ബാങ്കിൽ നിന്ന് ലോൺ എടുത്തും കടം വാങ്ങിയുമാണ് കൃഷി ചെയ്തത്. പതിനായിരം മൂട് കപ്പ, 1500 ഏത്തവാഴ, 500 ചേന, 200 ശീമ ചേമ്പ്, 800 മൂട് കണ്ണൻ ചേമ്പ്, പച്ചക്കറിതൈകൾ എന്നിവയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ജോലി നഷ്ടമായപ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞത്. കാർഷിക മേഖലയിൽ തൽപരനായി അജി വിളവെടുക്കാൻ കാത്തിരിക്കുമ്പോഴുണ്ടായ നാശം പൂർണ്ണമായി കടക്കെണിയിലാക്കിയിരിക്കുകയാണ്.