അടൂർ: അപകടമരണ വാർത്തകൾ അടൂരിന്റെ ഉറക്കം കെടുത്തുന്നു. ചെറുതും വലുതുമായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞിടെ നടന്നത്. സ്കൂട്ടറിൽ കയറാൻ നടന്നു പോയ യുവദമ്പതികൾ നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച് ദാരുണമായി മരണമടഞ്ഞതിന്റെ നടുക്കം വിട്ടുമാറും മുൻപാണ് തിങ്കളാഴ്ച രാത്രിയിൽ സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥിയുടെ ജീവൻ അപഹരിച്ചത്. കണ്ണംകോട് പള്ളിയിലെ പെരുന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് സെൻട്രൽ ജംഗ്ഷനിൽ കെ.പി റോഡിലെ സിഗ്നൽ പോയന്റിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ലോറി ആരോൺ ലിജുവെന്ന 11-ാംക്ലാസ് വിദ്യാർത്ഥിയുടെ ജീവൻ അപഹരിച്ചത്.
കുടുംബങ്ങളുടെ പ്രതീക്ഷകൾ..
കഴിഞ്ഞ ഒരു വർഷത്തിനിടെ 29 ഓളം പേർ അടൂരിൽ വിവിധ അപകടങ്ങളിലായി മരിച്ചെന്നാണ് കണക്ക്. ഇതിൽ പത്തൊൻപതോളം പേർ ബൈക്ക് യാത്രികരായിരുന്നു. ഇതിൽ ഭൂരിപക്ഷവും 17നും 35നും ഇടയിൽ പ്രായമുള്ള യുവാക്കളും. ലൈസൻസില്ലാത്ത സ്കൂൾ വിദ്യാർത്ഥികൾ വരെ ബൈക്കുകളിൽ പായുന്നത് പതിവ് കാഴ്ചയാണ്.സ്കൂളുകളിൽ ബൈക്കുകളും സ്കൂട്ടറുകളും കൊണ്ട് ചെല്ലാൻ കഴിയാത്തവരിൽ പലരും സ്കൂൾ,കോളേജ് പരിസരങ്ങളിൽ കൊണ്ടുവയ്ക്കുകയാണ് പതിവ്.
പൊലീസ് ഉണർന്ന് പ്രവർത്തിച്ചത് അടുത്തിടെ മാത്രം
രണ്ടാഴ്ച മുൻപ് യുവദമ്പതികൾ മരിച്ച സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പിൽ കേസ് എടുക്കുകയും വലിയ വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരെ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തതാണ് അടുത്തിടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ച നടപടി.
സിഗ്നൽ ലൈറ്റുകൾ തകരാറിൽ
നഗരത്തിലെ ഗതാഗത നിയന്ത്രണത്തിന് വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പലതും തകരാറിലായിട്ട് മാസങ്ങളായി. സ്വകാര്യ ഏജൻസിക്കാണ് തകരാർ പരിഹരിക്കാനുള്ള ചുമതല. അവരാകട്ടെ നടപടി സ്വീകരിക്കുന്നില്ല. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മതിയായ സമ്മർദ്ദവുമില്ല.
-ഒരുവർഷത്തിനിടെ മരിച്ചത് 16 കേസുകളിലായി 17 പേർ മരിച്ചു. ഇതിൽ 70% ബൈക്ക് ആക്സിഡന്റ് -----------
-പ്രായം 17നും 35നും ഇടയിൽ
-ലൈസൻസ് ഇല്ലാതെ പായുന്ന ബൈക്കുയാത്രികർ
-സ്വകാര്യ ബസ് ഡ്രൈവർമാരുടെ മദ്യപിച്ചും മത്സരിച്ചുമുള്ള ഡ്രൈവിംഗ്
-പൊലീസ്, മോട്ടോർ വാഹന വകുപ്പുകളുടെ വാഹന പരിശോധന കാര്യക്ഷമമല്ല
അമിത വേഗതയാണ് വാഹനങ്ങളുടെ അപകടത്തിന് പ്രധാന കാരണം. വേഗത നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിച്ചാലേ അപകടങ്ങൾ കുറയ്ക്കാനാകൂ.
സൂരജ്
(വ്യാപാരി)