മല്ലപ്പള്ളി: ഇടിമിന്നലിൽ മല്ലപ്പള്ളിയിൽ മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. മല്ലപ്പള്ളി ഈസ്റ്റ് പയറ്റുകാലാ കരിങ്ങണംപള്ളിൽ വീട്ടിൽ രാധാമണി (53), ചുനക്കര തെക്കേതിൽ എലിസബേത്ത് (42), സഹോദരി ജെസി (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5ന് പെയ്ത കനത്തമഴക്കിടെയായിരുന്നു സംഭവം. ജനലരികിൽ ഇരിക്കുകയായിരുന്ന രാധാമണിയുടെ ശരീരത്തിന്റെ പിൻഭാഗത്ത് പൊള്ളലേറ്റു. ധരിച്ചിരുന്ന നെറ്റിയിലേക്കും തീപടർന്നെങ്കിലും ഭർത്താവ് ഗോപാലകൃഷ്ണനും മകൻ അഭിലാഷും ചേർന്ന് തീയണച്ചു. വീടിനുള്ളിൽ ഉണ്ടായിരുന്ന മറ്റാർക്കു പരിക്കില്ല. ഇവരുടെ സമീപവാസിയായ എലിസബേത്തിന്റെ കാലിന് പൊള്ളലേറ്റു. സഹോദരി ജെസിയുടെ ചെവികൾക്കാണ് പരിക്ക്. എലിസബേത്തിന്റെ പിതാവും മാതാവും മൂന്ന് മക്കളും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. രണ്ട് വീടുകളും ഭാഗികമായി നശിച്ചിട്ടുണ്ട്. ജനലുകൾ പൊട്ടിത്തെറിച്ച് തറകൾ വിണ്ടുകീറിയ നിലയിലാണ്. ഇരുവീടുകളിലേയും വയറിംഗും, വൈദ്യുത ഉപകരണങ്ങളും പൂർണ്ണമായും കത്തിനശിച്ചു. പരിക്കേറ്റ മൂവരെയും മല്ലപ്പള്ളി ജോർജ്ജ് മാത്തൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്രഥമ ശുശ്രൂഷകൾ നൽകി വിട്ടയച്ചു.